മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നു
text_fieldsകാളികാവ് (മലപ്പുറം): കാളികാവിന് സമീപം അടക്കാക്കുണ്ടിൽ കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലാമൂല കളപ്പറമ്പിൽ അബ്ദുൽ ഗഫൂറാണ് (44) മരിച്ചത്. അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ റബർ ടാപ്പിങ്ങിനിടെ വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം.
ഓടക്കൽ നസീറിന്റെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ പിറകു വശത്തുകൂടിയെത്തിയ കടുവ ഗഫൂറിനെ കടിച്ച് കൊണ്ടുപോകുകയായിരുന്നെന്ന് കൂടെ ടാപ്പിങ് നടത്തിയിരുന്ന കൊക്കർണി സമദ് പറഞ്ഞു. തോട്ടത്തിന് 500 മീറ്റർ അകലെനിന്ന് കടിച്ച് കീറിയ നിലയിൽ രാവിലെ എട്ടോടെ മൃതദേഹം കണ്ടെടുത്തു.
ശരീരത്തിന്റെ പിൻഭാഗത്താണ് മുറിവുകളുള്ളത്. സൈലന്റ് വാലി വനമേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ട്. മുമ്പ് പല തവണ ഇവിടെ കടുവകൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കല്ലാമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അബ്ദുൽ ഗഫൂറിന്റെ ഭാര്യ: ഹന്നത്ത്. മക്കൾ: ഹൈഫ (പുല്ലങ്കോട് ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി), അസാ മെഹ്റിൻ (ഏഴാം ക്ലാസ് വിദ്യാർഥി), ഹസാൻ ഗഫൂർ (രണ്ടാം ക്ലാസ് വിദ്യാർഥി ജി.എൽ.പി.എസ് കല്ലാമൂല)
വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. സംഭവം അറിഞ്ഞ് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. സൗത്ത് ഡിഫ്ഒ ധനിത് ലാൽ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം ഉടൻ കാളിക്കാവിൽ എത്തും. സ്ഥലത്ത് ക്യാമറയും കൂടും സ്ഥാപിക്കും. കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

