പുൽപ്പള്ളിയിൽ വീണ്ടും കടുവ; ആടിനെ കൊന്നു
text_fieldsസൂചനാ ചിത്രം
കൽപറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ ജനവാസമേഖലയിൽ ദിവസങ്ങളായി ഭീതിപരത്തുന്ന കടുവ വീണ്ടും വളർത്തുമൃഗത്തെ പിടികൂടി. അമരക്കുനി ഊട്ടിക്കവലയിലെ ബിജുവിന്‍റെ വീട്ടിലെ ആടിനെയാണ് കടുവ കൊന്നത്. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവെച്ചതോടെ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയി. ഞായറാഴ്ച രാത്രിയും കടുവ ആടിനെ കൊന്നിരുന്നു.
കടുവക്കായി വനംവകുപ്പ് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും വളർത്തുമൃഗത്തെ കൊന്നത്. കടുവ നിലവിൽ കാപ്പിത്തോട്ടത്തിലാണുള്ളതെന്ന് വനംവകുപ്പ് പറയുന്നു. ഇവിടെവെച്ച് മയക്കുവെടി വെക്കുക പ്രയാസമാണ്. തുറസ്സായ സ്ഥലത്തേക്ക് മാറ്റിവേണം മയക്കുവെടി വെക്കാനെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ പറഞ്ഞു.
കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിൽ കഴിഞ്ഞ ദിവസവും നടത്തിയിരുന്നു. തെർമൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തുകയാണ്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. സംഘം സ്ഥലത്തുണ്ട്.
കർണാടക വനത്തിൽ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസ കേന്ദ്രത്തിൽ എത്തിയിരിക്കുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. കേരളത്തിന്റെ അധീനതയിലുള്ള വനത്തിൽ നിന്നുള്ള കടുവയുടെ കാൽപ്പാടുകളല്ല അമരക്കുനിയിൽ പതിഞ്ഞിരിക്കുന്നത്. ഒരാഴ്ച മുമ്പ് രണ്ട് ആടുകളെ കടുവ കൊന്നുതിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

