പഞ്ചാരക്കൊല്ലി വിടാതെ നരഭോജി കടുവ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
text_fieldsമാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവക്കായി വ്യാപക തിരച്ചിൽ. ഇന്നലെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് തിരച്ചിൽ തുടരുന്നത്. ആർ.ആർ.ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ എത്രയും പെട്ടന്ന് കടുവയെ പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവക്കായി തിരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് ആർ.ആർ.ടി സംഘാംഗമായ ജയസൂര്യക്ക് നേരെ കടുവാ ആക്രമണം ഉണ്ടായത്.
മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവക്കായി തിരച്ചില്‍ നടത്തുന്നത്. തെര്‍മല്‍ ഡ്രോണും നോര്‍മല്‍ ഡ്രോണും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കടുവയെ കണ്ടെത്തുന്നതിനായി കുങ്കിയാനകളെയും ഇന്നലെ സ്ഥലത്ത് എത്തിച്ചിരുന്നു. കടുവ ഭീതി ശക്തമായതോടെ മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഡിവിഷനുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്. കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാർഥികൾ ജനുവരി 27, 28 തിയതികളില്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്. പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകേണ്ടവര്‍ ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.