പുൽപള്ളിയെ വിറപ്പിച്ച കടുവ കൂട്ടിൽ; കുപ്പാടിയിലെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റും
text_fieldsപുൽപള്ളി: പത്തു ദിവസമായി പുൽപള്ളിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. വനം വകുപ്പ് തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടിൽ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് കടുവ കുടുങ്ങിയത്.
കടുവയെ പിടികൂടാനായി അഞ്ചു കൂടുകൾ സ്ഥാപിച്ചിരുന്നു. അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെയാണ് കടുവ ഭീതിയിലാക്കിയത്. രാത്രി ജനവാസ മേഖലയിൽ കടുവയെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടുവ കൂട്ടിൽ കയറിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്തു വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞുപോയതിനാൽ തലനാരിഴക്കാണു കൂട്ടിലാകാതെ കടന്നുകളഞ്ഞത്. തുടർന്ന് ആട്ടിൻകൂടിന്റെ അതേ മാതൃകയിൽ തൂപ്രയിൽ വനംവകുപ്പ് കൂടൊരുക്കി.
ഇതിലാണ് ഒടുവിൽ കടുവ കുടുങ്ങിയത്. കടുവ അവശനിലയിലാണ്. പത്തുദിവസത്തിനകം ഒട്ടേറെപ്പേരുടെ ആടുകളെയാണ് കടുവ കൊന്നത്. വെള്ളിയാഴ്ച കടുവയെ കുപ്പാടിയിലെ വനംവകുപ്പിന്റെ കേന്ദ്രത്തിലേക്ക് മാറ്റും.

