യുവതിയെ കടുവ കൊന്നുതിന്ന സംഭവം: അണപൊട്ടി പ്രതിഷേധം; വനം മേധാവികളെ തടഞ്ഞ് നാട്ടുകാർ
text_fieldsവനം ഉദ്യോഗസ്ഥരുടെ ക്യാമ്പിലേക്ക് തള്ളിക്കയറാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടയുന്നു
മാനന്തവാടി: വെള്ളിയാഴ്ച പഞ്ചാരക്കൊല്ലി സ്വദേശിനി രാധയെ കടുവ കൊന്നുതിന്ന സംഭവത്തിൽ പ്രതിഷേധം അണപൊട്ടി. ശനിയാഴ്ച രാവിലെ 11ന് രാധയുടെ സംസ്കാരം കഴിഞ്ഞതിന് പിന്നാലെ, കടുവയെ വെടിവെച്ച് കൊല്ലുന്നതിന് വനം വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ, നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ എന്നിവർ തങ്ങിയ ബേസ് ക്യാമ്പ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ തീരുമാനമാകാതായതോടെ ജില്ല കലക്ടർ സ്ഥലത്ത് എത്തണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുത്തിയിരിപ്പ് സമരം തുടങ്ങി.
വനം ഉദ്യോഗസ്ഥർ ഇരിക്കുന്ന സ്ഥലത്തേക്ക് രണ്ടുതവണ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. സമരം ആറ് മണിക്കൂർ പിന്നിട്ടിട്ടും കലക്ടർ എത്താതായതോടെ ജനം വീണ്ടും രോഷാകുലരായി. ആറു മണിയോടെ എ.ഡി.എം എ.ദേവകി സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ, തിങ്കളാഴ്ച മുതൽ വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ആറ് വാഹനങ്ങൾ ഏർപ്പാടാക്കാൻ തീരുമാനിച്ചു. അടിക്കാടുകൾ വെട്ടിനീക്കും, കടുവാ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ആർ.ആർ.ടിയുടെ 10 സംഘത്തെ നിയോഗിക്കും, പ്രതിരോധ വേലികൾ സ്ഥാപിക്കും, മരിച്ച രാധയുടെ ആശ്രിതന് ഫെബ്രുവരി ഒന്നിനകം താൽക്കാലിക ജോലി നൽകും തുടങ്ങിയ ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അതിനിടെ, പഞ്ചാരക്കൊല്ലിയിലെ വീടിനു പിറകിൽ കടുവയെത്തി. പ്രിയദർശിനി എസ്റ്റേറ്റിലേക്ക് കടക്കുന്ന വീടിനു പിന്നിലാണ് ശനിയാഴ്ച വൈകീട്ട് ആറോടെ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച സ്ഥാപിച്ച ഒരു കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ചിത്രം പുറത്തുവിടാൻ വനം വകുപ്പ് തയാറായിട്ടില്ല.
പ്രദേശത്ത് 38 കാമറകളും രണ്ട് കൂടുകളുമാണ് സ്ഥാപിച്ചത്. കടുവയെ വെടിവെച്ച് പിടികൂടണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികളും ചില സംഘടനകളും. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും വെടിവെച്ചു കൊല്ലണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മയക്കുവെടി വെക്കാൻ ഡോ.അജീഷ് മോഹൻദാസ്, ഡോ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ശനിയാഴ്ച സീനിയർ വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കടുവ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഞായറാഴ്ച കലക്ടറേറ്റിൽ ജില്ല ഭരണകൂടത്തിന്റെയും വനം, പൊലീസ് മേധാവികളുടെയും ഉന്നതതല യോഗം ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.