തിരിച്ചടിയായി കേന്ദ്ര നിയമം; കടുവ ‘നരഭോജി’യെങ്കിൽ മാത്രം വെടി, അല്ലെങ്കിൽ സാധ്യത മയക്കുവെടി
text_fieldsതിരുവനന്തപുരം: വയനാട്, പഞ്ചാരക്കൊല്ലിയിൽ ആദിവാസി വീട്ടമ്മയെ കടിച്ചുകൊന്ന കടുവ ‘നരഭോജി ’എന്ന് സ്ഥിരീകരിച്ചാൽ മാത്രമേ, വെടിവെച്ച് കൊല്ലൂ. അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടിച്ച ശേഷം വീണ്ടും ഉൾക്കാട്ടിൽ വിടും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ കർക്കശ വ്യവസ്ഥകളാണ് കാരണം. ഒരാളെ കൊന്നെന്ന പേരിൽ മാത്രം നരഭോജി ഗണത്തിൽ ഏതെങ്കിലും മൃഗത്തെ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് ചട്ടം. അതു മറികടന്ന് നടപടികളിലേക്ക് കടന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി.
വനാതിർത്തിയോടുചേർന്ന ഭാഗത്താണ് വനംവകുപ്പിലെ താൽക്കാലിക വാച്ചർ പഞ്ചാരക്കൊല്ലി സ്വദേശി അച്ചപ്പന്റെ ഭാര്യ രാധയെ (45) വെള്ളിയാഴ്ച രാവിലെ കടുവ കൊന്ന് ഭക്ഷിച്ചത്. ഇത് വലിയ ജനരോഷത്തിനാണ് തിരികൊളുത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും രാധയെ കടിച്ചുകൊന്ന കടുവയെ കണ്ടെത്തി വെടിവെച്ചുകൊല്ലണമെന്നുമാണ് ആവശ്യം. അതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി തന്നെ കടുവയെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിറക്കി.
കേന്ദ്രത്തിന്റെ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി) പ്രകാരം പ്രത്യേക സമിതിയും രൂപവത്കരിച്ചു. ആദ്യം കൂടുവെച്ചോ, മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. അതാണ് കേന്ദ്ര നിയമത്തിൽ കുടുങ്ങിയത്. ഒന്നിൽ കൂടുതൽ ആളുകളെ കൊന്ന സ്ഥിരം ശല്യക്കാരായ വന്യമൃഗത്തെയേ നരഭോജി ഗണത്തിൽ ഉൾപ്പെടുത്താനാകൂ. വെള്ളിയാഴ്ച സ്ത്രീയെ കടിച്ചുകൊന്ന കടുവ ഈ പട്ടികയിൽപെടുന്നതല്ലെന്നാണ് വനംവകുപ്പ് സ്ഥിരീകരണം.
കൂട്ടം തെറ്റിവന്നതാണെന്നാണ് അനുമാനം. ഭക്ഷണംകിട്ടാതെ വലഞ്ഞ അവസ്ഥയിലായിരുന്നു. സാധാരണ കടുവയുടെ പ്രകൃതമനുസരിച്ച് ഇരപിടിച്ചാൽ ഭക്ഷിച്ച് തുടങ്ങാൻ ഏറെ മണിക്കൂറുകൾ എടുക്കും. ചിലപ്പോൾ ദിവസം തന്നെ കഴിഞ്ഞിട്ടാവും ഭക്ഷിക്കുക. ഇവിടെ അപ്രകാരമല്ല സംഭവിച്ചതത്രേ. അതിനാലാണ് കൂട്ടംതെറ്റിയതെന്ന് അനുമാനിക്കുന്നത്. സ്ഥലത്തെ കാമറകളിലോ ഇവിടേക്ക് എത്തിച്ചേരാൻ സാധ്യതയുള്ള വഴികളിലെ കാമറകളിലോ കടുവയുടെ സാന്നിധ്യം മുമ്പ് കണ്ടെത്തിയിട്ടില്ല. വെടിവെക്കുന്നതിനുമുമ്പ് ഈ കടുവ തന്നെയാണോ രാധയെ കൊന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്. അതും ശ്രമകരമായ ദൗത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

