കെ.എസ്.ആർ.ടി.സിയിലെ ടിക്കറ്റ് കൊള്ള: റിപ്പോർട്ട് ചെയ്തത് 61 കേസുകൾ
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സിയിലെ ടിക്കറ്റ് കൊള്ളയിൽ റിപ്പോർട്ട് ചെയ്തത് 61 കേസുകൾ. 2018 മുതൽ 2024 മാർച്ച് 19 വരെയുള്ള കണക്കുകളാണ് ധനകാര്യ വിഭാഗം പരിശോധിച്ചത്. 25 കേസുകൾ മാന്വവൽ ടിക്കറ്റ് റാക്കറ്റിലെ വിതരണത്തിലും 36 കേസുകൾ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ ഉപയോഗിച്ചും നടത്തിയ ക്രമക്കേടാണ്. യാത്രക്കാരിൽനിന്ന് തുക കൈപ്പറ്റിയതിന് ശേഷം ടിക്കറ്റ് വിതരണം ചെയ്യാതെയും ക്രമക്കേട് നടത്തിയിട്ടുണ്ട്.
ടിക്കറ്റ് കൊള്ള കേസുകളിൽ ഉത്തരവാദികളായ 89 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൊള്ളയടിച്ച തുക ഇവരിൽനിന്ന് ഈടാക്കുകയും ചെയ്തു. ക്രമക്കേട് നടത്തിയ രണ്ട് ജീവനക്കാരുടെ അച്ചടക്ക നടപടി പൂർത്തിയായിട്ടില്ല. കോഴിക്കോട് യൂനിറ്റിൽ വിദ്യാർഥികളുടെ യാത്രാ കൺസഷൻ കാർഡ് വിതരണത്തിൽ 2019-20, 2020-21 വർഷങ്ങളിൽ ഗുരുതര ക്രമക്കേടും പണാപഹരണവും നടന്നുവെന്ന് ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തി. കൺസഷൻ ടിക്കറ്റ് വിതരണം ചെയ്ത ഇ.പി. ലോഹിതാക്ഷൻ 5,26,550 രൂപയുടെ ക്രമക്കേട് നടത്തി. വിദ്യാർഥികൾക്ക് വിതരണം ചെയ്തിരുന്ന കൺസഷൻ ടിക്കറ്റുകളുടെ എണ്ണവും തുകയും ബന്ധപ്പെട്ട രജിസ്റ്ററുകളിൽ രേഖപ്പെടുത്താതെയാണ് ക്രമക്കേട് നടത്തിയത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷണത്തിലാണ്.
കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ക്രമക്കേട്, പണാപഹരണം, ടിക്കറ്റില്ലാത്ത യാത്ര എന്നിവ തടയുന്നതിനും പരിശോധന കാര്യക്ഷമമാക്കുന്നതിനും കൂടുതൽ ഇൻസ്പെക്ടർമാരെ പരിശോധനകൾക്കായി നിയോഗിക്കണമെന്നാണ് റിപ്പോർട്ടലെ ശിപാർശ. ടിക്കറ്റ് ക്രമക്കേട്, പണാപഹരണം എന്നിവ കണ്ടെത്തുന്നതിന് ഓഡിറ്റ് സമയബന്ധിതമായി നടത്തണം.
ക്രമക്കേടുകൾ കണ്ടെത്തുന്ന പക്ഷം കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ട്രാവൽ ഡിമാന്റ് കണക്കാക്കൽ, ബസ് ലൊക്കേഷൻ ട്രാക്കിങ്, ലൈവ് ടിക്കറ്റിങ് തുടങ്ങിയവക്ക് സ്വീകരിച്ച നടപടികൾക്ക് തടസ്സമായി നിൽക്കുന്ന ഡാറ്റ പ്രോസസിങ് തകരാറുകൾ പരിഹരിച്ച് പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

