വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ നാട്ടുകാരുടെ രോഷം
text_fieldsവെളിയം: വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പൂയപ്പള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികൾക്കെതിരെ നാട്ടുകാരുടെ രോഷം അണപൊട്ടി. പ്രകോപനത്തിനിടെ, വീടിനു ചുറ്റുമുള്ള ഷീറ്റ് പൊളിക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പൊലീസിെൻറ കർശന ഇടപെടലിൽ അനിഷ്ടസംഭവം ഒഴിവായി.
മരിച്ച പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയുടെ ഭർത്താവ് ചന്തുലാൽ (30), ഭർതൃമാതാവ് ഗീതാലാൽ (55) എന്നിവരിൽനിന്നാണ് തെളിവെടുത്തത്. തുഷാരയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച മുറി പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു. ചന്തുലാലിെൻറ മൊബൈൽ ഫോൺ കണ്ടെത്താൻ അര മണിക്കൂറോളം തിരച്ചിൽ നടത്തി.
ഇതിനിടെ, തെളിവെടുപ്പ് വിവരമറിഞ്ഞ് നിരവധിപേർ എത്തിക്കൊണ്ടിരുന്നു. ഒന്നരമണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷം പൊലീസ് പ്രതികളെയും കൊണ്ട് തിരികെപ്പോയി. പ്രതികളെ കൊണ്ടുപോകുമ്പോഴും ജനം പ്രകോപിതരായി. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി ദിൻരാജ്, പൂയപ്പള്ളി സി.ഐ പ്രവീൺ, എസ്.ഐമാരായ ശ്രീകുമാർ, ബാലചന്ദ്രപിള്ള എന്നിവർ പ്രതികൾക്കൊപ്പം ഉണ്ടായിരുന്നു. സ്ത്രീ പീഡനമരണം, മർദനം, തടങ്കൽ വെക്കൽ, പട്ടിണിക്കിടൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
