‘വേടനെതിരെ ഹിന്ദു ഐക്യവേദി നിലപാട് വിവരക്കേട്, മോശം പറയുന്നത് അംഗീകരിക്കാനാവില്ല’; കെ.പി. ശശികലക്കെതിരെ തുഷാർ വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: റാപ്പർ വേടനെതിരെയുള്ള ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ അധിക്ഷേപ പരാമർശത്തോട് പ്രതികരിച്ച് ബി.ജെ.പി ഘടകകക്ഷി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. റാപ്പർ വേടനെതിരെ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാർ പറഞ്ഞു.
വേടൻ നല്ല രീതിയിൽ പാടുന്നയാളാണ്. മോശം പറയുന്നത് അംഗീകരിക്കാനാവില്ല. വിവാദങ്ങൾ അനാവശ്യമാണ്. വേടന്‍റെ വേദികളിൽ എന്തുകൊണ്ട് സ്ഥിരം പ്രശ്നങ്ങളുണ്ടാകുന്നു എന്നത് അന്വേഷിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തു വന്നത്. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്ന് ശശികല ആരോപിച്ചിരുന്നു.
‘പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ?’ എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ശശികല ചോദിച്ചിരുന്നു.
താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ശശികലക്ക് മറുപടിയായി വേടൻ പ്രതികരിച്ചത്. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ എന്‍.ഐ.എക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.