ശോഭയെ വെട്ടാൻ ശ്രമം; തുഷാർ വെള്ളാപ്പള്ളി കഴക്കൂട്ടത്ത് മത്സരിച്ചേക്കും
text_fieldsതിരുവനന്തപുരം: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് കഴക്കൂട്ടത്ത് മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം അഭ്യർഥിച്ചതായി സൂചന. സംസ്ഥാന നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുകയും കഴക്കൂട്ടത്ത് ശോഭ സ്ഥാനാർഥിയായി വരുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ശോഭയെ വെട്ടാൻ ശ്രമം നടക്കുന്നത്.
മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച തുഷാറിനെ കഴക്കൂട്ടം സീറ്റിൽ മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോൾ മറുപടി നൽകിയത്. ബി.ഡി.ജെ.എസിൻ്റെ മുഴുവൻ സീറ്റുകളിളും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിൻ്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല.
കഴക്കൂട്ടത്ത് കഴിഞ്ഞ തവണ എൻ.ഡി.എ രണ്ടാം സ്ഥാനത്തായിരുന്നു. ഈ സീറ്റാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. കഴക്കൂട്ടം വാഗ്ദാനം ചെയ്താൽ തുഷാറിനെ മത്സര രംഗത്തിറക്കാമെന്നും ശോഭയെ വെട്ടാമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭ സുരേന്ദ്രൻ അറിയിച്ചിരുന്നു. കഴക്കുട്ടം അടക്കം ഒഴിച്ചിട്ട സീറ്റുകളിൽ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.