റെയ്ഡിനിടെ തണ്ടർബോൾട്ട് സംഘാംഗത്തിന് അബദ്ധത്തിൽ വെടിയേറ്റു
text_fieldsഅഗളി: അട്ടപ്പാടിയിൽ മാവോവാദി വേട്ടക്ക് പോയ പൊലീസ് സംഘത്തിൽ ഒരാൾക്ക് വെടിയേറ്റു. അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തണ്ടർബോൾട്ട് സംഘത്തിലെ സുനീഷിനാണ് (21) വലതുകാലിൽ വെടിയേറ്റത്. മാവോവാദി സ്വാധീന മേഖലയായ അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കുരുക്കത്തിക്കല്ലിനും ഗൊട്ടിയാർകണ്ടിക്കും ഇടയിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
തണ്ടർബോൾട്ട് എസ്.ഐ ബേബിയുടെ നേതൃത്വത്തിലാണ് സംഘം റെയ്ഡിനെത്തിയത്. കുറുക്കത്തിക്കല്ല് തോടരികിൽ ആയുധങ്ങൾ പരിശോധന നടത്തി ലഗേജ് കൈമാറുന്നതിനിടെ തോക്കിെൻറ ട്രിഗർ അമർന്ന് വെടിപൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് അബദ്ധം പറ്റിയത്. ബുള്ളറ്റ് പാറയിൽ തട്ടിത്തെറിച്ച് സുനീഷിെൻറ തുടയിൽ തുളച്ചു കയറി. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. അപകടനില തരണം ചെയ്തിട്ടുണ്ട്.
18 അംഗ തണ്ടർബോൾട്ട് സംഘമാണ് പ്രദേശത്ത് റെയ്ഡിനെത്തിയത്.
