സുപ്രീംകോടതി വിധി: തൃശൂർ പൂരം ആശങ്കയിൽ
text_fieldsതൃശൂർ: ഉത്സവ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ച സുപ്രീംകോടതി വിധി തൃശൂർ പൂരത്തിെൻറ പൊലിമയെ ബാധിച്ചേക്കും. അനുവദനീയ അളവില് പുകയും ശബ്ദവുമുള്ള പടക്കങ്ങൾ മാത്രമേ പാടുള്ളൂ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തവ ആയിരിക്കണം, അവ പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ പത്ത് വരെ സമയത്തിലായിരിക്കണം എന്നിവയാണ് കോടതി വിധിയിൽ പറയുന്നത്. പൂരനാളിൽ പുലർച്ചയും, പൂരം ഉപചാരം ചൊല്ലുന്ന ദിവസം പകലുമാണ് തൃശൂർ പൂരത്തിെൻറ വെടിക്കെട്ടുകൾ നടക്കാറ്. കഴിഞ്ഞ പൂരം വെടിക്കെട്ടിന് തന്നെ കർശന വ്യവസ്ഥകളോടെയും, കേന്ദ്ര എക്സ്േപ്ലാസീവ് സംഘത്തിെൻറ കടുത്ത നിരീക്ഷണത്തിലുമായിട്ടായിരുന്നു പൂരനാളിൽ അനുമതി ലഭിച്ചത്.
വെടിക്കെട്ടുകൾക്കോ, ലൈസൻസികളുടെ പടക്ക വിൽപനക്കോ നിരോധനമോ, നിയന്ത്രണമോ ഇല്ലെങ്കിലും പരമ്പരാഗത ശൈലി പിന്തുടരുന്ന തൃശൂർ പൂരത്തെ വിധി പ്രതിസന്ധിയിലാക്കും. പൂരവും, വെടിക്കെട്ടും നടക്കുന്ന തൃശൂർ നഗരത്തിന് നടുവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനം പരിസ്ഥിതി സംരക്ഷിത പ്രദേശവും, സമീപത്ത് തന്നെ ആശുപത്രിയുള്ളതിനാൽ നിശബ്ദ മേഖലയുമായി പ്രഖ്യാപിച്ചതുമാണ്. എന്നാൽ തൃശൂർ പൂരത്തിന് ഇതിൽ ഇളവ് നൽകിയാണ് വെടിക്കെട്ട് നടക്കുന്നത്. 125 ഡെസിബെൽ വരെ ശബ്ദവും, 2000 കി.ഗ്രാം വെടിമരുന്നുമാണ് അനുവദിക്കുന്നതെന്നാണ് ഔദ്യോഗികമായി പറയാറുള്ളതെങ്കിലും ഇതിനെ മറികടക്കാറുമുണ്ട്. തിരക്കേറിയ നഗരത്തിന് നടുവിലെ വെടിക്കെട്ടിൽ കേന്ദ്ര സംഘം പ്രധാനമായും സുരക്ഷ തന്നെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
കഴിഞ്ഞ പൂരത്തിന് തേക്കിൻകാട് മൈതാനത്തിന് ചുറ്റും വാട്ടർ ഹൈഡ്രൻറ് സ്ഥിരമായി സ്ഥാപിക്കുകയുൾപ്പെടെ നടത്തിയാണ് അനുമതി ലഭിച്ചത്. ഡിസംബറിൽ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കുകയാണ്. വിധി നിയമവിദഗ്ധരുമായി പരിശോധിച്ച് നടപടികളിലേക്ക് കടക്കുമെന്നാണ് പൂരം സംഘാടകരുടെ വിശദീകരണം. നേരത്തെ രാത്രിയിലെ വെടിക്കെട്ടുകൾ നിരോധിച്ച ഹൈകോടതി വിധിയെ പിന്നീട് ഇളവുകളോടെ അനുവദിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
