വിവരങ്ങൾ പുറത്തുവിടുന്നത് തടയാൻ ശ്രമം; ഫ്ലാറ്റിന്റെ ഗേറ്റ് പൂട്ടി
text_fieldsതൃശൂർ അയ്യന്തോളിലുള്ള വാട്ടർ ലില്ലി അപ്പാർട്മെന്റ്
തൃശൂർ: വോട്ടർപട്ടികയിൽ കോർപറേഷൻ പരിധിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വൻതോതിൽ ക്രമക്കേട് നടന്നെന്ന ഗുരുതര ആരോപണത്തിന് പിന്നാലെ ദുരൂഹത വർധിപ്പിച്ച് ഒളിച്ചുകളി. ആരോപണമുയർന്ന തൃശൂർ പൂങ്കുന്നത്തെ ഇൻലാൻഡ് അപ്പാർട്മെന്റിൽ വസ്തുതകൾ അന്വേഷിക്കാനെത്തിയ ‘മാധ്യമം’ സംഘത്തിന് അധികൃതർ വിലക്കേർപ്പെടുത്തി. തെളിവുകൾ പുറത്തുപോകുന്നത് തടയാനാണ് മാധ്യമങ്ങളെ തടയുന്നതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
ഇൻലാൻഡ് അപ്പാർട്മെന്റിന്റെ മേൽവിലാസത്തിൽ സ്ഥിരതാമസക്കാരല്ലാത്ത 30ലധികം ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തിരുന്നു. ഇതിൽ ഭൂരിഭാഗം പേരും നിലവിൽ ഫ്ലാറ്റിൽ താമസിക്കുന്നവരല്ലെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയത്. ഫ്ലാറ്റിന്റെ മേൽവിലാസത്തിൽ വോട്ടർപട്ടികയിലുള്ള താമസക്കാരെ തേടിയെത്തിയ മാധ്യമം സംഘത്തെ വിലക്കിയത്. ‘പുറത്തുനിന്നുള്ള ആരെയും, പ്രത്യേകിച്ച് മാധ്യമങ്ങളെ, അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് കർശന നിർദേശമുണ്ട്’ എന്ന് പറഞ്ഞ സുരക്ഷാജീവനക്കാർ ഗേറ്റ് പൂട്ടി.
കോർപറേഷൻ പരിധിയിൽ പൂങ്കുന്നം ഡിവിഷനിലെ 36ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിൽ പേരുള്ള അയ്യന്തോളിലെ വാട്ടർ ലിലി അപ്പാർട്മെന്റിന്റെ മേൽവിലാസത്തിൽ സ്ഥിരതാമസക്കാരല്ലാത്ത 15ഓളം വ്യാജവോട്ടർമാരെ ചേർത്തതായി ആരോപണമുണ്ട്. അവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർപട്ടികയിലുള്ള പല ഫ്ലാറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഈ അടുത്തായി മാത്രം താമസിക്കാനെത്തിയർ മാത്രമാണ് ഫ്ലാറ്റിലുള്ളത്.
ഫ്ലാറ്റിന്റെ മേൽവിലാസത്തിൽ വോട്ടർപട്ടികയിൽ കയറിക്കൂടിയവരുടെ പൊടിപോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തുതന്നെ എൽ.ഡി.എഫും യു.ഡി.എഫും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

