ത്രികോണ പോരാട്ടത്തിലേക്ക് തൃശൂർ
text_fieldsതൃശൂർ: പതിനേഴ് ലോക്സഭ തെരഞ്ഞെടുപ്പുകൾ. പത്തിലും ജയിച്ചത് സി.പി.ഐ. ഏഴ് തവണ കോൺഗ്രസ്. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയെന്ന വിശേഷണം ഉണ്ടായിരുന്നെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തരുന്നത് മറ്റൊരു ചിത്രമാണ്. സി.പി.ഐയുടെ സൗമ്യനായ വി.വി. രാഘവനോട് പോരാടി കോൺഗ്രസിന്റെ ‘ലീഡർ’ കെ. കരുണാകരനും പിന്നാലെ മകൻ കെ. മുരളീധരനും വീണ മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട്.
മത്സരം മുറുകും
കടുത്ത ത്രികോണ മത്സരത്തിലേക്കാണ് തൃശൂർ നീങ്ങുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റിട്ടും തൃശൂരിനെ ഉപേക്ഷിക്കാതെ സാന്നിധ്യം സ്ഥിരപ്പെടുത്തിയ ബി.ജെ.പിയുടെ സുരേഷ് ഗോപി ആദ്യമേ ഓട്ടം തുടങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പൊതുയോഗങ്ങളിലും സജീവം. മഹിള സമ്മേളനത്തിനും ദിവസങ്ങൾക്കകം ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും പ്രധാനമന്ത്രി നേരിട്ടെത്തിയതും സ്ഥാനാർഥിത്വം ഉറപ്പിക്കുന്ന ഘടകങ്ങളായി.
ഇനി ലോക്സഭ മത്സരത്തിനില്ലെന്ന ആദ്യ പ്രസ്താവന സിറ്റിങ് എം.പി ടി.എൻ. പ്രതാപൻ എന്നേ മറന്നു. ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ആക്രമണം ശക്തമാക്കിയതോടെ മണ്ഡലത്തിൽ ‘സ്നേഹ സന്ദേശ യാത്ര’യിലാണ് പ്രതാപൻ. അഞ്ച് വർഷം നടത്തിയ വികസന പദ്ധതികളുടെ വലിയ പട്ടികയുണ്ട്, കൂട്ടിന് സാധാരണക്കാരായ വോട്ടർമാരുമായുള്ള ആത്മബന്ധവും.
സുരേഷ് ഗോപിയും പ്രതാപനും ഇങ്ങനെ നീങ്ങുമ്പോൾ അണിയറയിൽ പറഞ്ഞുകേട്ട എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ പേരാണ്, പക്ഷെ ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. തൃശൂരിന്റെ എം.എൽ.എ എന്ന നിലയിലും കൃഷിമന്ത്രി എന്ന പദവിയിലും കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് സുനിൽകുമാറിന് മുതൽക്കൂട്ട്. ഒപ്പം മണ്ഡലത്തിലും പുറത്തുമുള്ള പൊതുസ്വീകാര്യതയും.
നിയമസഭ മണ്ഡലങ്ങൾ
തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ, ഗുരുവായൂർ. മണ്ഡലത്തിൽ കൂടുതൽ വോട്ടുള്ള ക്രൈസ്തവ, ഈഴവ വിഭാഗങ്ങളും പിന്നെ മുസ്ലിം, ഹിന്ദു വോട്ടർമാരും അവരുടെ കാഴ്ചപ്പാടുകളിലൂന്നി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

