പൊരിച്ചു, സാമ്പിൾ; പൂര വർണത്തിൽ തൃശൂർ; ഭംഗിയിൽ തിരുവമ്പാടി, ശബ്ദത്തിൽ പാറമേക്കാവ്
text_fieldsതൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് പടിഞ്ഞാറെ ഗോപുര നടയിൽനിന്ന് ആസ്വദിക്കുന്നവർ
തൃശൂർ: തൃശൂരിന്റെ ആകാശത്ത് ഭൂമിയെ കുലുക്കി വർണമഴ പെയ്തിറങ്ങി. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിൽ പൂരനഗരി വിറച്ചപ്പോൾ കാണാനെത്തിയവർ ആഹ്ലാദാരവം മുഴക്കി. വന്നെത്തിയവർക്കെല്ലാം പറയാനുണ്ടായിരുന്നത് ഒരൊറ്റ വാക്ക് മാത്രം, ‘സാമ്പിൾ പൊരിച്ചു’.
പൂരനഗരിയിൽ മഴ മേഘങ്ങൾ ഉരുണ്ടുകൂടിയത് ആശങ്കയിലാഴ്ത്തിയെങ്കിലും വെടിക്കെട്ടിനെ ബാധിച്ചില്ല. 7.25ന് ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവ് വിഭാഗവും കരിമരുന്നിന്റെ തേരോട്ടത്തിന് തിരികൊളുത്തി. അമിട്ടിന്റെ വർണശോഭ വിടർത്തിയായിരുന്നു തുടക്കം. പിന്നെ കുഴി മിന്നലും ഓലപ്പടക്കവും ചേർന്നുള്ള കൂട്ടപ്പൊരിച്ചിൽ. തുടർന്ന് അമിട്ടുകൾ കൊണ്ടുള്ള വിസ്മയമായിരുന്നു. കെ-റെയിലും വന്ദേഭാരതുമെല്ലാം സാമ്പിളിൽ ഇടം പിടിച്ചപ്പോൾ പുരുഷാരം ആർപ്പ് വിളിച്ചും കൈയടിച്ചും ആവേശത്തിലായി.
മുണ്ടത്തിക്കോട് സതീഷിന്റെ നേതൃത്വത്തിലായിരുന്നു തിരുവമ്പാടിയുടെ ആകാശപ്പൂരം. വരന്തരപ്പിള്ളി സ്വദേശി വർഗീസായിരുന്നു പാറമേക്കാവിന്റെ കരിമരുന്ന് വിസ്മയത്തിന് നേതൃത്വം നൽകിയത്. ഭംഗിക്ക് പ്രാധാന്യം നൽകിയായിരുന്നു തിരുവമ്പാടി വിസ്മയമൊരുക്കിയതെങ്കിൽ പാറമേക്കാവ് ശബ്ദത്തിനും പ്രാധാന്യം നൽകി. മൂന്ന് മിനിറ്റെടുത്ത് തിരുവമ്പാടിയും നാല് മിനിറ്റെടുത്ത് പാറമേക്കാവും ‘സാമ്പിൾ’ തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

