Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വാദിയെ പ്രതിയാക്കുന്ന റിപ്പോർട്ട്’; തൃശൂർ പൂരം കലക്കൽ കേസിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം

text_fields
bookmark_border
‘വാദിയെ പ്രതിയാക്കുന്ന റിപ്പോർട്ട്’; തൃശൂർ പൂരം കലക്കൽ കേസിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം
cancel

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിനെതിരെ വിമർശനവുമായി തിരുവമ്പാടി ദേവസ്വം. വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും ഇത് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. കേസിൽ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും കണ്ട് പരാതി അറിയിക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ഭാരവാഹികൾ.

2024ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയതിനു പിന്നാലെയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതികരണം. ദേവസ്വം ഭാരവാഹികളടക്കം എട്ടുപേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാറിനെതിരെ കലാപാഹ്വാനം നടത്തുക, രണ്ടു വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ ചുമത്തിയിട്ടുള്ളത്.

എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയല്ലെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയാറാണെന്ന് കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. എന്നാൽ, ദേവസ്വം ഭാരവാഹികൾ ഒരുമിച്ച് പൂരം കലക്കാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള ആരോപണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിന്റെ പ്രൗഢി നശിപ്പിക്കാനോ പൂരം കലക്കാനോ ദേവസ്വം ഒരിക്കലും കൂട്ടുനിൽക്കില്ല. റിപ്പോർട്ടിൽ ദേവസ്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും ഇക്കാര്യത്തിൽ പുനരന്വേഷണം നടത്തണമെന്നുമാണ് ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്ന് റിപ്പോർട്ടുകളാണ് തയാറാക്കിയിട്ടുള്ളത്. രണ്ടെണ്ണം പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ചും മറ്റൊന്ന് അന്നത്തെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ഇടപെടലുകളെക്കുറിച്ചുമാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കുള്ള നീക്കം നടക്കുന്നതിനിടെയാണ് തിരുവമ്പാടി ദേവസ്വം പുനരന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur Pooram Probe Row
Next Story