കൊടിയേറി പൂരാവേശം; തൃശൂർ പൂരം 30ന്
text_fieldsപാറമേക്കാവ് ക്ഷേത്രത്തിൽ പൂരം കൊടിയേറ്റത്തിന് ശേഷം നടന്ന എഴുന്നള്ളത്ത്
തൃശൂർ: ആവേശം വാനോളമുയർത്തി പാറമേക്കാവിലും തിരുവമ്പാടിയിലും ഘടകക്ഷേത്രങ്ങളിലും തൃശൂർ പൂരം കൊടിയേറി. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികൾ ഭൂമിപൂജ നടത്തിയ ശേഷം 11.30 ന് പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി. ആരവങ്ങളുയർത്തി ദേശക്കാർ കൊടിമരം ഉയർത്തി.
പാറമേക്കാവിൽ 11.50ഓടെ വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കിയായിരുന്നു കൊടിയേറ്റം. തിരുവമ്പാടിയിൽ വൈകീട്ട് കൊടിയേറ്റത്തിന്റെ ഭാഗമായി പൂരം പുറപ്പാട് നടന്നു. നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ പൂരപ്പതാകകൾ ഉയർത്തി. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും കഴിഞ്ഞാണ് ഭഗവതി തിരുവമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. ഇനി വിവിധയിടങ്ങളിൽ പറയെടുപ്പിനും ആറാട്ടിനും ഭഗവതിയെത്തും.
പാറമേക്കാവിൽ കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി മേളത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിയ ശേഷം മേളം വടക്കുന്നാഥനിൽ കൊട്ടിക്കലാശിച്ചു. ചന്ദ്രപുഷ്കർണിയിൽ ആറാട്ട് നടത്തി ദേവി ക്ഷേത്രത്തിലേക്ക് മടങ്ങി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ വി.ആർ. കൃഷ്ണതേജ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ദേവസ്വം ഭാരവാഹികൾ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് എം. ബാലഗോപാൽ തുടങ്ങിയവർ കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തു.
ഘടകക്ഷേത്രമായ ലാലൂരിലായിരുന്നു ആദ്യ കൊടിയേറ്റം. പിന്നീട് അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലും വൈകീട്ട് ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര-കാരമുക്ക്, കണിമംഗലം, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും കൊടിയേറി. 30നാണ് തൃശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

