തൃശൂർ പൂരം കലക്കൽ; തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി
text_fieldsതൃശ്ശൂർ പൂരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ചർച്ചയായ 2024ലെ തൃശൂർ പൂരം കലക്കലിൽ, അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി. സംഭവത്തെക്കുറിച്ച് പ്രത്യേകസംഘം അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ രണ്ടുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. വിശദമായ അന്വേഷണം നടത്തി ഫെബ്രുവരി എട്ടിനാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറിയത്. പൊലീസിനും ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പിക്കും ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടാണിത്.
പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള റിപ്പോർട്ടാണ് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചത്. ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടിയില്ലാത്തതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതിനെയും രാഷ്ട്രീയ ഇടപെടലിനെകുറിച്ച് പരാമർശമില്ലാത്തതിനെയും ചോദ്യംചെയ്ത് മുൻമന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽകുമാർ രംഗത്തെത്തിയിരുന്നു. സുനിൽകുമാറിന്റെ ആക്ഷേപങ്ങളെ മന്ത്രി കെ. രാജൻ തള്ളുകയുമുണ്ടായി.
ഇതിനിടെയാണ് നിയമസഭ തെരഞ്ഞെടുപ്പുണ്ടായത്. എന്തെങ്കിലും തുടർനടപടി സ്വീകരിച്ചാൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പിയുടെ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പറയുന്നത്. സംഭവത്തിനുശേഷം രണ്ടാമത്തെ പൂരം എത്തുമ്പോഴും ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിന് ഉത്തരമില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ 2024 ഏപ്രിലിലാണ് ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത്. രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി ഉടൻ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിൽ രണ്ടുവർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല. അടുത്ത പൂരത്തിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്. അജിത് കുമാര്‍ ഉള്‍പ്പടെയുള്ള പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് സമർപ്പിക്കപ്പെട്ടത്. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ ഇടപെടലും റിപ്പോർട്ടിൽ കൃത്യമായി പരാമർശിച്ചില്ലെന്നാണ് വിവരം. അതേസമയം, തിരുവമ്പാടി ദേവസ്വത്തെയും അതിലെ ചിലരുടെ രാഷ്ട്രീയ ബന്ധങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതില്‍ ആരെയെങ്കിലും പ്രതിചേര്ക്കണമോയെന്നതിലടക്കം തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. ഫലത്തിൽ പൂരം കലക്കൽ വിവാദം ഒരു നടപടിയുമില്ലാതെ അവസാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

