തൃശൂർ പൂരം കലക്കൽ; അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറിയും
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവിയുടെ റിപ്പോർട്ട് ശരിവെച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന് സംസ്ഥാന പൊലീസ് മേധാവി കണ്ടെത്തിയ സാഹചര്യത്തിൽ സര്‍ക്കാറിന് യുക്തമായ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനൊപ്പമുള്ള ശിപാര്‍ശയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൂരം അലങ്കോലപ്പെട്ടിട്ടും മേൽനോട്ട ചുമതലയുണ്ടായിരുന്ന അജിത്കുമാർ ഇടപെടാതിരുന്നത് കർത്തവ്യലംഘനമെന്നായിരുന്നു മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോള്‍ അജിത്കുമാർ തൃശൂരിലെത്തിയത്. പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിരുന്നു.
കമീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്കുതർക്കമുണ്ടായത് മന്ത്രി കെ. രാജൻ എ.ഡി.ജി.പിയെ ഫോണിൽ അറിയിച്ചിരുന്നു. രാത്രി സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേൽനോട്ടം നൽകുമെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നെന്നാണ് മന്ത്രിയുടെ മൊഴി. രാത്രി പൂരം അലങ്കോലപ്പെട്ടപ്പോള്‍ മന്ത്രി ആദ്യം വിളിച്ചത് എ.ഡി.ജി.പിയെയാണ്. മറ്റ് ചിലരും വിളിച്ചു.
നഗരത്തിലുണ്ടായ എ.ഡി.ജി.പി ഫോണ്‍ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നും ഷേഖ് ദര്‍ബേഷ് സാഹിബ് സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

