തൃശൂർ: കാത്തിരിപ്പിനും ആശങ്കക്കുമൊടുവിൽ മഴയൊളിച്ച മാനത്ത് പൂരത്തിന്‍റെ തിരയാട്ടം. വെടിക്കെട്ടോടെ തൃശൂർ പൂരത്തിന് പത്താം നാൾ ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒമ്പതുദിവസം കാത്തിരുന്ന ശേഷമാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ തേക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടന്നത്.
മഴ മാറിനിന്ന ചെറിയ ഇടവേളയിൽ വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു. അനിശ്ചിതമായി നീണ്ട വെടിക്കെട്ട് കഴിഞ്ഞതോടെ കൊടും മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതർക്കും പൊലീസിനും ജില്ല ഭരണകൂടത്തിനും ആശ്വാസമായി. വെടിക്കെട്ടിന് പിന്നാലെ നഗരത്തിൽ മഴ രൂക്ഷമാവുകയും ചെയ്തു.
പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരി കൊളുത്തിയത്. പിന്നാലെ തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു. ഇരുകൂട്ടരുമായി രണ്ടായിരം കിലോ വെടിമരുന്നാണ് ഉപയോഗിച്ചത്. പകൽ നേരത്ത് വെടിക്കെട്ട് നടത്തിയതോടെ കരിമരുന്നിന്‍റെ ആകാശക്കാഴ്ചകൾ പൂരപ്രേമികൾക്ക് നഷ്ടമായി.
കനത്ത മഴ മൂലം മൂന്നുതവണ മാറ്റിവച്ച ശേഷമാണ് തൃശൂർ പൂരം വെടിക്കെട്ട് നടന്നത്. ഒടുവിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് മുമ്പ് പൊട്ടിക്കാൻ തീരുമാനിച്ചത് പിന്നീട് ഉച്ചക്ക് ഒരു മണിയാക്കി. ഇതിനായി ഒരുക്കം തുടങ്ങിയെങ്കിലും പന്ത്രണ്ടരയോടെ പെയ്ത ചാറ്റൽമഴ വീണ്ടും ആശങ്കയായി. പക്ഷേ, ഒന്നോടെ മഴ നീങ്ങിയത് ആശ്വാസമായി. ഉച്ചക്ക് രണ്ടിന് ശേഷമാണ് വെടിമരുന്നിന് തിരി കൊളുത്തിയത്.