തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും, വെടിക്കെട്ടിന് എല്ലാ ശോഭയും ഉണ്ടാകും -മന്ത്രിമാർ
text_fieldsതൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രിമാരായ കെ. രാജനും ഡോ. ആർ. ബിന്ദുവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാധാരണ രീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വെക്കണമെന്ന പൊതുനിബന്ധന പാലിച്ചാണ് ഇത്തവണ പൂര വെടിക്കെട്ട് നടത്തുക.
പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ സംവിധാനം ഒരുക്കും. നിയമപരമായി നിന്നുകൊണ്ടുതന്നെ പ്രയാസങ്ങളില്ലാത്ത രീതിയിൽ ജനങ്ങളുടെ അഭിലാഷത്തിന് അനുസരിച്ച് വെടിക്കെട്ട് നടത്താൻ വേണ്ട നടപടി ജില്ല ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രിമാർക്കൊപ്പം കലക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.
ഏപ്രിൽ 30നാണ് തൃശൂർ പൂരത്തിന് കൊടിയേറുക. മേയ് 6, 7 തീയതികളിലാണ് പൂരം. ഏഴിന് പുലർച്ചെയാണ് വെടിക്കെട്ട്. നാലിന് വൈകീട്ട് സാമ്പിൾ വെടിക്കെട്ട് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.