വെടിക്കെട്ട് ദുരന്തം: ഇതുവരെ മോർച്ചറിയിൽ എത്തിയത് ഒമ്പത് മൃതദേഹം, 32ശരീര ഭാഗങ്ങൾ; എട്ട് മൃതദേഹങ്ങൾ വിട്ടുകൊടുത്തു
text_fieldsതൃശൂർ: പൂരം വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണപ്പുരയിലുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയത്.
13 പേരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾക്ക് പുറമെ 32ശരീര ഭാഗങ്ങൾ മോർച്ചറിയിൽ ഉണ്ട്. 11പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ പാറക്കണ്ടിൽ വീട്ടിൽ അറുമുഖന്റെ മകൻ സുദർശൻ (54), പാലക്കാട് കുമരനെല്ലൂർ കച്ചൂർ മാടിപുറത്ത് വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി മുതുകാട്ടിൽ വീട്ടിൽ സുവിൻ (40), മലപ്പുറം എടപ്പാൾ സ്വദേശി മണികണ്ഠൻ (60), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50), മലപ്പുറം എടപ്പാൾ സ്വദേശി വിജയൻ (60), തൃശ്ശൂർ ഇഞ്ചമുടി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. ഇതിൽ തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ വെടിക്കെട്ട് കാണാനെത്തിയ പ്രദേശവാസിയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലാ കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തരമായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തതിനു ശേഷം തൃശൂർ കലക്‌ടറേറ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവരെ ആറുമാസ കാലത്തേക്ക് സർക്കാർ - സ്വകാര്യ ആശുപത്രിയിൽ ചികിത്സ ചെയ്യേണ്ടി വരുന്നതിന്റെ പൂർണ്ണമായ ചിലവും കേരള സർക്കാർ ഏറ്റെടുക്കും. ആവശ്യമായ സംഖ്യ ജില്ലാ കളക്ടർക്ക് ദുരന്ത പ്രതികരണനിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാനുള്ള തീരുമാനം എടുത്തതായി മന്ത്രി കെ രാജൻ പറഞ്ഞു.
ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവരികയാണെങ്കിൽ പൂർണ്ണമായ ചിലവും സി.എം. ഡി.ആർ.എഫ്- ൽ നിന്നും നൽകും. തിരച്ചിലും ചികിത്സയും നടപ്പിലാക്കുന്നതിന് വേണ്ടി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂർവസ്ഥിതിയിൽ ആക്കുന്നതിന് വേണ്ടി ചിലവാകുന്ന തുക ജില്ലാ കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ തോത് കണക്കാക്കി അടിയന്തരമായി കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. അതിനും ആവശ്യമായ നഷ്ടപരിഹാരം നൽകും.
സ്‌ഫോടനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എം രാമചന്ദ്രൻ നായർ ആയിരിക്കും ജുഡീഷ്വൽ അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഓഫീസർ. ദുരന്തവുമായി ബന്ധപ്പെട്ട് മൃതശരീരങ്ങൾ സംസ്കരിക്കുന്നതിനും ഡി.എൻ. എ സാമ്പിളുകൾ ശേഖരിക്കുന്നതിനും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ (sop) അടിയന്തരമായി പുറത്തിറക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും ക്യാബിനറ്റ് നിശ്ചയിച്ചു.
മെഡിക്കൽ ബോർഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വളരെ വേഗത്തിൽ നടത്തപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങളാണ് ലഭിക്കുന്നത്. ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചാൽ മാത്രമേ മരിച്ച വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. അതിനു വേണ്ടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിക്കും. തിരച്ചിൽ വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. മൂന്ന് കഡാവർ നായകളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവസ്ഥലത്ത് മൃതശരീരങ്ങളുടെ ഭാഗങ്ങളോ മറ്റോ ഉണ്ടോ എന്നറിയാൻ വേണ്ടി വ്യത്യസ്ത തലത്തിലുള്ള പരിശോധനകൾ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
അപകട സ്ഥലത്തേക്ക് പോകാൻ സാധ്യതയുള്ളവർ വീട്ടിലേക്ക് എത്താത്തതോ, കാണാതാവുകയോ ബന്ധപ്പെടാൻ സാധിക്കാതെയോ ഉണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തെയോ നാലിടങ്ങളിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലോ അറിയിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ചികിത്സയിൽ കഴിയുന്നവരെ സംരക്ഷിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നത്. അതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള ട്രീറ്റ്മെന്റ് ഉറപ്പാക്കുന്നുണ്ടെന്ന് സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വാസവൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലത്തുണ്ട്. അവരുടെ നേതൃത്വത്തിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റർ മാനേജ്മെന്റ്, പോലീസ്, ഫയർഫോഴ്സ്, ജില്ലാ ഭരണകൂടം, ഫോറൻസിക് വിദഗ്ധർ, പെസോ ടീം, സ്‌കൂബ ടീം എന്നിവർ എല്ലാവരും ചേർന്ന് ഒരു ടീമായി പരിസരപ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് (23/4/26) രാവിലെ 10. 30 ന് കേരള ഹൈക്കോടതിയുടെ അനുമതിയോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളുമായി യോഗം ചേർന്ന് പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയാകുമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

