വരൂ...വാദ്യ-മേള ‘സദ്യയുണ്ണാം’
text_fieldsതൃശൂർ: വാദ്യവും മേളവും ആസ്വദിക്കുന്നവർക്ക് തൃശൂർ പൂരം അതിനായുള്ളത് മാത്രമുള്ളതാണ്. മറ്റ് കാഴ്ചകളെക്കാൾ അവർക്കിഷ്ടം മേളപ്പെരുക്കം കൂടുകൂട്ടുന്ന ഇടങ്ങളാണ്. ഇത്തരക്കാർക്കുള്ള ‘സദ്യ വിളമ്പുന്ന’ ഇടങ്ങളുണ്ട് പൂരത്തിൽ.
ചൊവ്വാഴ്ച അതിരാവിലെ കണിമംഗലം ശാസ്താവിന്റെ വരവിനൊപ്പം പഞ്ചവാദ്യവും പാണ്ടിയും പഞ്ചാരിയും മാറി മാറി പൂരനഗരിയെ കൊഴുപ്പിക്കും. ഘടക പൂരങ്ങളാണ് ആദ്യം വാദ്യ വിസ്മയത്തിലേക്ക് ആസ്വാദകരെ ക്ഷണിക്കുന്നത്.
അതിന്റെ വാലറ്റത്ത് പ്രധാന പൂരങ്ങളായ തിരുവമ്പാടിയും പാറമേക്കാവും കണ്ണി ചേരുന്നതോടെ ആസ്വാദനം പാരമ്യത്തിലെത്തും. ചൂരക്കോട്ടുകാവിനും നെയ്തലക്കാവിനും മേളം മാത്രം, മറ്റ് ഘടക ക്ഷേത്രങ്ങൾക്കെല്ലാം പഞ്ചവാദ്യവുമുണ്ട്.
പനമുക്കുംപിള്ളിക്ക് മാത്രമാണ് പഞ്ചാരി. തിരുവമ്പാടിയുടെ മഠത്തിൽ വരവും മേളവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും രാത്രി പഞ്ചവാദ്യവും ആകുമ്പോൾ ‘വാദ്യസദ്യ’ കെങ്കേമമാകും.
മഠത്തിൽ വരവ് പഞ്ചവാദ്യം -രാവിലെ 11.30
തൃശൂർ പൂരത്തിലെ ‘പഞ്ചാമൃതം’ എന്നാണ് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ വിശേഷം. മഠത്തിൽ വരവ് പഞ്ചവാദ്യത്തിലെ നിറസാന്നിധ്യം കോങ്ങാട് മധുവിനാണ് ഇത്തവണയും പ്രമാണം.
കരിയന്നൂർ നാരായണൻ നമ്പൂതിരിയും കോങ്ങാട് മോഹനനും ഇടം, വലം കൂട്ടാകുമ്പോൾ മദ്ദളത്തിൽ കോട്ടക്കൽ രവി പ്രമാണിയായുണ്ട്. പല്ലശ്ശന സുധാകരൻ ഇടയ്ക്കയിലും മഠത്തിൽ മണികണ്ഠൻ കൊമ്പിലും നായകത്വം വഹിക്കും. താളപ്രമാണി ചേലക്കര സൂര്യനാണ്. ശംഖ് കോടന്നൂർ ശങ്കരനും.
മേളം - 2.30
തിരുവമ്പാടിയുടെ മേളം ആരംഭിക്കുന്നത് നായ്ക്കനാലിൽ പഞ്ചവാദ്യം കൊട്ടിക്കാലാശിച്ച ശേഷമാണ്. കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായതോടെ തിരുവമ്പാടിയുടെ നായകത്വം ലഭിച്ച ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ തന്നെയാണ് ഇക്കുറിയും പ്രമാണം.
തലോർ പീതാംബരൻ മാരാർക്കാണ് വീക്കം ചെണ്ട പ്രമാണം. കുഴലിന് കൊമ്പത്ത് അനിൽകുമാറും താളത്തിന് ഏഷ്യാഡ് ശശിയും കൊമ്പിന് ഓടക്കലി മുരളിയും നേതൃത്വം നൽകും.
ഇലഞ്ഞിത്തറ മേളം -ഉച്ചക്ക് 2.00
അസാമാന്യ സിംഫണിയെന്ന ലോക ഖ്യാതിയുള്ള പാറമേക്കാവിന്റെ ‘ഇലഞ്ഞിത്തറ മേളം’ ആകർഷകമാണ്. വടക്കുംനാഥന്റെ മതിലകത്ത് ഇലഞ്ഞിയുടെ ചാരെ ഉച്ചക്ക് മേളത്തിന് കോല് വീഴും. കിഴക്കൂട്ട് അനിയൻ മാരാരുടെ മൂന്നാം തവണത്തെ പ്രമാണത്തിന് ഇത്തവണ ഇലഞ്ഞിചുവട് സാക്ഷ്യം വഹിക്കുന്നത്.
പെരുവനം സതീശൻ, പഴുവിൽ രഘു എന്നിവർ കിഴക്കൂട്ടിന് കൂട്ട് നിൽക്കും. വീക്കം ചെണ്ട പെരുവനം ഗോപാലകൃഷ്ണന്റെയും കൊമ്പ് മച്ചാട് രാമചന്ദ്രന്റെയും ഇലത്താളം ചേർപ്പ് നന്ദന്റെയും കൈകളിൽ ഭദ്രമാവും.
പഞ്ചവാദ്യം -രാത്രി 11.00
പാറമേക്കാവിന് പഞ്ചവാദ്യം രാത്രിയാണ്. പകൽ പൂരത്തിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തുന്ന ഭഗവതി രാത്രി 11നാണ് വീണ്ടും എഴുന്നള്ളുന്നത്. ചോറ്റാനിക്കര നന്ദപ്പൻ മാരാരാണ് പഞ്ചവാദ്യത്തിന്റെ നായകൻ.
കലാമണ്ഡലം കുട്ടിനാരായണൻ മദ്ദളത്തിലും മച്ചാട് രാമചന്ദ്രൻ കൊമ്പിലും നേതൃത്വം നൽകും. താളത്തിൽ പരക്കാട് ബാബുവും ഇടക്കയിൽ തിരുവില്വാമല ജയനും ശംഖിൽ മാക്കോത്ത് രാജനുമാണ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

