യന്ത്രക്കുടയും പൂരപ്പന്തലും; ആവേശകുടമാറ്റം
text_fieldsതൃശൂർ: വടക്കുന്നാഥന്റെ തിരുമുറ്റത്ത് വിസ്മയക്കാഴ്ചയൊരുക്കി തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ കുടമാറ്റം. വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച കുടമാറ്റം മഹനീയ കാഴ്ചകളുമായി രാത്രി 7.40ഓടെയാണ് സമാപിച്ചത്. തെക്കേ ഗോപുരനടയിൽ അഭിമുഖമായി അണിനിരന്ന പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ 15 വീതം ഗജവീരന്മാർ പ്രൗഢിയേകി.
തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരൻ, പിന്നാലെ പുതുപ്പള്ളി സാധു, കിരൺ നാരായണൻകുട്ടി എന്നിവരും പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗുരുവായൂർ നന്ദനും പിന്നാലെയെത്തിയപല്ലാട്ട് ബ്രഹ്മദത്തൻ, മാവേലിക്കര ഗണപതി എന്നിവരും കുടകൾ വഹിക്കാൻ ഒരുങ്ങിനിന്നു.
ഇരുവിഭാഗവും ഒന്നിന് പിറകെ ഒന്നായി കുടകൾ ഉയർത്തിയതോടെ ആവേശം വാനോളമുയർന്നു. സാധാരണ വർണക്കുടകളിൽ തുടങ്ങി ഗണപതി, ഭദ്രകാളി, അർധനാരീശ്വരൻ, തെയ്യം തുടങ്ങിയ ദേവരൂപങ്ങളും സാംസ്കാരിക ചിഹ്നങ്ങളും ആലേഖനംചെയ്ത കുടകളും, എൽ.ഇ.ഡി ലൈറ്റുകൾ അലങ്കരിച്ച ഉണ്ണിക്കണ്ണൻ, മുരുകൻ, ഗുരുവായൂരപ്പൻ തുടങ്ങിയവയും ഉയർന്നു.
ആദ്യ എൽ.ഇ.ഡി കുട തിരുവമ്പാടിയുടെ വക ഭഗവതി, ഉണ്ണിക്കണ്ണൻ എന്നിവയുടെ ദീപാലങ്കാരമുള്ള കുടകളായിരുന്നു. വൈകാതെ പാറമേക്കാവിന്റെ ആദ്യ എൽ.ഇ.ഡി കുടയായി വടക്കുംനാഥൻ ശിവന്റെ കുട ഉയർത്തി. ചെണ്ട കൊട്ടുന്ന ബാലന്റെ രൂപമുള്ള ‘യന്ത്രക്കുട’, പൂരപ്പന്തലിന്റെ അഞ്ചു തട്ടുകളുള്ള മാതൃക, വരാഹരൂപി എന്നിവയും പ്രധാന ആകർഷണങ്ങളായി.
ആലവട്ടങ്ങളാൽ അലങ്കരിച്ച, മൂന്നു തട്ടുകളുള്ള പാറമേക്കാവ് ഭഗവതിയുടെ ‘നിലക്കുട’യും പരമ്പരാഗത പ്രിന്റഡ് ഡിസൈനുകളുള്ള കുടകളും ശ്രദ്ധേയമായി. ഓരോ കുട ഉയർന്നപ്പോഴും അതിനൊപ്പമുള്ള ആലവട്ടത്തിന്റെയും വെഞ്ചാമരത്തിന്റെയും ചലനങ്ങളും മിഴിവേകി. പാരമ്പര്യവും കലയും സാങ്കേതികവിദ്യയും മത്സരവീര്യവും സമ്മേളിച്ച വർണക്കാഴ്ച ആസ്വദിക്കാൻ ആയിരങ്ങളാണ് തേക്കിൻകാട്ടിലേക്ക് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

