വീട്ടമ്മയുടെ മാല പൊട്ടിച്ച തൃശൂർ സ്വദേശികൾ പിടിയിൽ
text_fieldsസിജിൽ രാജ്, അതുൽ കൃഷ്ണ
കൊല്ലങ്കോട്: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 19ന് പോത്തമ്പാടം ചുവട്ടുപാടം സ്വദേശിനി പെട്ടയുടെ സ്വർണമാലയിൽ ഒരു കഷ്ണം പൊട്ടിച്ചെടുത്ത കേസിൽ തൃശൂർ മണക്കാട്ടുപടി ജെ. സിജിൽ രാജ് എന്ന സുഹൈൽ (21), തൃശൂർ ഇടശ്ശേരി പുളിപറമ്പിൽ എം. അതുൽ കൃഷ്ണ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ വന്ന പ്രതികൾ പെട്ട കഴുത്തിലണിഞ്ഞ ആറ് ഗ്രാം സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു.
എന്നാൽ, മൂന്ന് ഗ്രാം തൂക്കം വരുന്ന കഷ്ണം പൊട്ടിച്ചെടുക്കാനേ ഇവർക്ക് സാധിച്ചുള്ളൂ. ഇതുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേയ് 11ന് പാലക്കാട് ചന്ദ്രനഗറിലെ ഇരുചക്ര വാഹന ഷോറൂമിൽനിന്ന് ബൈക്ക് തട്ടിയെടുത്ത കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയതിന്റെ അടുത്ത ദിവസമാണ് പ്രതികൾ മാല പൊട്ടിച്ചത്.

