തൃശൂർ: വികസന പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ടിൽ നിന്ന് തൃശുർ കോർപ്പറേഷന് ഒരുകോടി രൂപ അനുവദിച്ച സുരേഷ്ഗോപിക്ക് നന്ദിയറിയിച്ച് തൃശൂർ മേയർ എം.കെ വർഗീസിന്‍റെ കത്ത്. സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീ എന്നാണ് മേയർ കത്തിൽ അഭിസംബോധന ചെയ്യുന്നത്.
എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് ഫണ്ട് അനുവദിച്ചത്. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപ്പറേഷൻ തയാറാക്കി സുരേഷ്ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയർ കത്തിൽ പറയുന്നു. തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. സുരേഷ്ഗോപിയാണ് കത്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്.
2019ലെ ലോക്സഭാ തെരഞ്ഞടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂർ മണ്ഡലത്തിൽ സുരേഷ്ഗോപി മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ''എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ'' എന്ന ഇദ്ദേഹത്തിന്‍റെ ഡയലോഗ് ഏറെ ട്രോളുകൾക്കിരയായിരുന്നു.