‘പദവി ഏറ്റെടുത്തത് എല്ലാവരുടെയും ദാസിയായിരിക്കാൻ’; ലാലി ജയിംസിന് മറുപടിയില്ലെന്ന് തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ
text_fieldsതൃശ്ശൂർ: ഡി.സി.സി പ്രസിഡന്റിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കോർപറേഷൻ കൗൺസിലർ ലാലി ജെയിംസ് സാമ്പത്തിക അഴിമതിയടക്കം ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതികരണവുമായി തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ. തനിക്കെതിരായ ലാലി ജെയിംസിന്‍റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് നിജി ജസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
പറയാനുള്ള കാര്യങ്ങൾ ഇന്നലെ പറഞ്ഞതാണ്. നേതൃത്വമാണ് നടപടി സ്വീകരിച്ചത്. ഉചിതമായ നടപടി എല്ലാ കാലത്തും എല്ലാ കാര്യങ്ങളിലും പാർട്ടി എടുത്തിട്ടുണ്ട്. 33 എന്ന മാജിക് നമ്പറുമായാണ് യു.ഡി.എഫ് കോർപറേഷൻ പിടിച്ചത്. മേയർ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അത് 35 ആയി ഉയർത്തി. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയാണ് ലഭിച്ചത്.
മത്തായിയുടെ സുവിശേഷം 20-ാം അധ്യായം 26, 27 തിരുവചനങ്ങളിൽ പറയുന്നത്, 'നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണം' എന്നാണ്. ഈ തിരുവചനം ഉൾക്കൊണ്ട് തൃശ്ശൂർ കോർപറേഷൻ കൗൺസിലിൽ കക്ഷി, രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും ദാസിയായിരിക്കാൻ തയാറായിട്ടാണ് മേയർ പദവി ഏറ്റെടുത്തതെന്നും ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി.
തൃശൂരിൽ കോർപറേഷൻ മേയർ സ്ഥാനത്ത് നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട മുതിർന്ന കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് ആണ് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റിനും മറ്റ് നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായാണ് രംഗത്തെത്തിയത്. ഡി.സി.സി പ്രസിഡന്റ് പാർട്ടിക്ക് വേണ്ടി പണം ആവശ്യപ്പെട്ടതായും കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടവരാണ് തന്നെ ഒഴിവാക്കിയതെന്നും അവർ ആരോപിച്ചു.
മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിനും ഭർത്താവും കാറിൽ പണപ്പെട്ടിയുമായി കറങ്ങിയെന്ന ഗുരുതര ആരോപണവും കോർപറേഷനിൽ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച ലാലി ജെയിംസ് ഉന്നയിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജോസഫ് ടാജറ്റിനെതിരെ ആലപ്പുഴ സ്വദേശി വിജിലൻസിൽ പരാതി നൽകി. ഫലപ്രഖ്യാപനം വന്നത് മുതൽ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടപ്പെട്ടിരുന്ന തന്നെ, അവസാന മൂന്ന് ദിവസത്തെ നീക്കങ്ങളിലാണ് ഒഴിവാക്കിയതെന്നും അവർ പറഞ്ഞു.
'തൃശൂരിലെ ചില പ്രമുഖർ എന്നെ വിളിച്ചിരുന്നു. ലാലി സൂക്ഷിക്കണം, ഇവിടെ ചില അട്ടിമറിയുണ്ടാകാൻ സാധ്യതയുണ്ടെന്നും നിജിയും ഭർത്താവുമടങ്ങുന്ന നാലു പേർ കാറിൽ സ്യൂട്ട്കേസുമായി പോകുന്നത് കണ്ടെന്നും പറഞ്ഞു. അത് സാരിയെടുക്കാനായിരിക്കുമെന്ന് ഞാൻ പറഞ്ഞു. എന്നാൽ, ഒരിക്കലുമല്ല, പണമിടപാട് നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഒരിക്കലും പാർട്ടി എന്നെ ചതിക്കില്ലെന്ന് ഞാൻ പറഞ്ഞു. കാരണം നിജിയെ സമരമുഖങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ആരും കണ്ടിട്ടില്ല. അവർ പെട്ടെന്ന് വന്ന് കിഴക്കുംപാട്ടുകര സീറ്റ് ചോദിക്കുകയായിരുന്നു. എന്നാൽ, കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ ദീപാദാസ് മുൻഷിയും കെ.സി. വേണുഗോപാലും ഇടപെട്ടു. അങ്ങനെ സീറ്റ് കിട്ടി'- ലാലി ജയിംസ് പറഞ്ഞു.
കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷ നേതാവ് രാജൻ പല്ലനെതിരെയും ഗുരുതര പരാമർശങ്ങൾ ലാലി നടത്തി. ആരും തങ്ങളുടെ ട്യൂഷൻ മാസ്റ്ററായി കോർപറേഷനിലേക്ക് വരേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ചെയ്തത് വിളിച്ച് പറയുമെന്നും അവർ വ്യക്തമാക്കി. സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെ കോൺഗ്രസ് ഒരിക്കലും ഇത്തരം നടപടികൾ സ്വീകരിക്കരുതെന്നും ലാലി ജെയിംസ് പറഞ്ഞു.
ഇതിന് പിന്നാലെ ആരോപണങ്ങളുന്നയിച്ച കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ നിന്ന് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി പ്രസിഡന്റാണ് നടപടി സ്വീകരിച്ചത്. പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് തുറന്നടിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരുന്നു.
പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് അധികാരത്തിലേറിയ തൃശൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഡോ. നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. കോർപറേഷനിലെ കക്ഷിനിലയേക്കാളും അധികമായി രണ്ടു വോട്ട് കൂടുതൽ നേടിയാണ് നിജിയുടെ വിജയം. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ആണ് ഡെപ്യൂട്ടി മേയർ. മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 35ഉം എൽ.ഡി.എഫ് 13ഉം എൻ.ഡി.എ എട്ടും വോട്ടാണ് നേടിയത്.
മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിൻ തൃശൂരിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് കൂടിയാണ്. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്ന് കന്നിയങ്കത്തിൽ തന്നെ ജയിച്ച ഡോ. നിജി കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലെത്തുന്നത്. തൃശൂര്‍ നഗരസഭ ചെയർമാനായിരുന്ന പ്രഫ. എന്‍.ഡി. ജോർജിന്റെ മരുമകളാണ്. 27 വര്‍ഷമായി കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് ഭാരവാഹിയാണ്. ഡി.സി.സി വൈസ് പ്രസിഡന്റാണ്. ഭർത്താവ് ജസ്റ്റിൻ നിലങ്കാവിലും മക്കളായ ജോർജ് ജസ്റ്റിനും മേരിയാൻ ജസ്റ്റിനും ഡോക്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

