കെ.എസ്.യു പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നേതാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം
text_fieldsതൃശൂർ: കെ.എസ്.യു പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപം. തളിക്കുളം േബ്ലാക്ക് പഞ്ചായത്ത് അംഗമായ കോൺഗ്രസ് നേതാവ് കെ.ജെ. യദുകൃഷ്ണനെതിരായ പരാതിയിലാണ് പോക്സോ ചുമത്തി കേസെടുത്ത വലപ്പാട് പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രം ചുമത്തിയെന്ന് ആരോപണമുയർന്നത്. ഇത്തരം കേസുകളിൽ പരാതി ജനപ്രതിനിധിക്കെതിരെയാണെങ്കിൽ ചുമത്തേണ്ടത് ഒമ്പത് സി ആണ്. അത് ചുമത്താതെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഒമ്പത് സി ചുമത്തിയാൽ ജാമ്യം ലഭിക്കില്ല. അഞ്ച് വർഷമോ അതിലധികമോ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്.
കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.യു പ്രവർത്തക ഒക്ടോബർ 13ന് പൊലീസിൽ പരാതി നൽകിയത്. 28ന് വലപ്പാട് പൊലീസ് ഐ.പി.സി 451, 354 (എ-ഒന്ന്), 354 (ഡി), പോക്സോ ആക്ടിൽ എട്ട്, ഏഴ് വകുപ്പുകളും ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എട്ട്, ഏഴ് വകുപ്പുകൾ ചുമത്തിയിട്ടും ആരോപണവിധേയൻ പൊതുജനസേവകൻ എന്ന ഗണത്തിൽപ്പെടുന്നയാൾ ആണെന്നിരിക്കെ പോക്സോ ആക്ടിലെ ഒമ്പത് സി വകുപ്പ് ചുമത്താതിരുന്നത് പൊലീസിെൻറ വീഴ്ചയാണെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. ആഷി ചൂണ്ടിക്കാട്ടി. മറ്റ് വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. രാഷ്ട്രീയനേതാവ് എന്ന നിലയിൽ യദുകൃഷ്ണൻ പൊലീസിനെ സ്വാധീനച്ചതിെൻറ ഫലമാണ് ഇതത്രെ.
തനിക്കെതിരെയുള്ള പരാതി ഗ്രൂപ്പ് പോരിെൻറ ഭാഗമാണെന്നും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നൽകിയ വ്യാജ പരാതിയാണ് ഇതെന്നാണ് യദുകൃഷ്ണെൻറ ആരോപണം.കെ.പി.സി.സി, തശൂർ ഡി.സി.സി നേതൃത്വങ്ങൾ ഒത്തു കളിച്ചുവെന്ന് ആരോപിച്ച് നീതി തേടി പെൺകുട്ടി രാഹുൽഗാന്ധിക്ക് പരാതി അയച്ചിരിക്കുന്നതിനിടെയാണ് പൊലീസും പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന ആരോപണമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
