കന്നിയോട്ടം പിഴച്ച് തൃശൂർ-കണ്ണൂർ പാസഞ്ചർ
text_fieldsകുറ്റിപ്പുറം: രണ്ടുവർഷത്തിനുശേഷം തൃശൂർ-കണ്ണൂർ പാസഞ്ചർ ഓടിത്തുടങ്ങിയപ്പോൾ കന്നിയോട്ടം തന്നെ താളംതെറ്റി. കോയമ്പത്തൂർ ഇന്റർസിറ്റിക്കും എറണാകുളം ഇന്റർസിറ്റിക്കും ഇടയിൽ സമയക്രമമായതാണ് വിനയായത്. കുറ്റിപ്പുറത്ത് രാവിലെ 8.09ന് എത്തേണ്ട ട്രെയിൻ 45 മിനിറ്റ് വൈകിയാണ് എത്തിയത്. പള്ളിപ്പുറം സ്റ്റേഷനിൽ രണ്ട് ട്രെയിനിനുവേണ്ടി 40 മിനിറ്റ് പിടിച്ചിട്ടു. ട്രെയിൻ കോഴിക്കോട് എത്തിയത് 10.25നാണ്. ഇത് സ്ഥിരം യാത്രക്കാർക്കും ജോലിക്കാർക്കും കച്ചവടക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസമായി.
തൃശൂർ-കണ്ണൂർ ട്രെയിൻ പുറപ്പെടുന്ന പഴയ സമയമായ രാവിലെ 5.50ൽനിന്ന് മാറ്റി 6.35 ആക്കി നിശ്ചയിച്ചതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. മുമ്പ് കുറ്റിപ്പുറത്തുനിന്ന് 7.35ന് പുറപ്പെട്ടിരുന്നു. സമയക്രമം അട്ടിമറിച്ചത് യാത്രക്കാരോടുള്ള അവജ്ഞയുടെ ഭാഗമാണെന്നാണ് ആക്ഷേപം. നിലവിൽ ഷൊർണൂരിൽ നിന്നുള്ള മെമുവും നിലമ്പൂർ പാസഞ്ചറും പുതിയ സമയക്രമത്തിലെ അപാകത കാരണം സ്ഥിരം യാത്രക്കാർക്ക് പ്രയോജനമില്ലാത്ത രീതിയിലും കണക്ഷൻ ട്രെയിൻ കിട്ടാത്ത അവസ്ഥയിലുമാണ്.
പാസഞ്ചർ ട്രെയിനിൽ ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്തവർ ഇരട്ടി തുക നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. പാസഞ്ചർ ട്രെയിനിൽ കോഴിക്കോട്ടുനിന്ന് കുറ്റിപ്പുറം വരെ 15 രൂപ ഉള്ളപ്പോൾ എക്സ്പ്രസിൽ 35 രൂപയാണ്. യാത്രക്കാരോട് ചെയ്യുന്ന നീതികേട് അവസാനിപ്പിച്ച് പഴയ സമയക്രമം കൊണ്ടുവരണമെന്ന് കുറ്റിപ്പുറം റെയിൽവേ ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.