കൈപ്പറമ്പ്, കുന്നംകുളം സ്റ്റേഡിയങ്ങൾ നാടിന് സമർപ്പിച്ചു
text_fieldsകൈപ്പറമ്പ് ഇൻഡോർ സ്റ്റേഡിയം
തൃശൂർ: ജില്ലയിലെ കായിക മേഖലക്ക് കരുത്തേകാൻ കൈപ്പറമ്പ്, കുന്നംകുളം സ്റ്റേഡിയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് 5.08 കോടി രൂപ ചെലവിൽ നിർമിച്ച കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം, 1.94 കോടി രൂപ ചെലവിൽ നിർമിച്ച കൈപ്പറമ്പ് ഇ.എം.എസ് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ജില്ലയ്ക്കായി സമർപ്പിച്ചത്.
സ്റ്റേഡിയങ്ങളുടെ പൂർത്തീകരണത്തോടെ ഇനിമുതൽ ജില്ലയിൽ രാജ്യാന്തര നിലവാരത്തിലുള്ള ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കാനാവും. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ പോപ്- അപ് സ്പ്രിംഗ്ളർ സംവിധാനത്തോടെയുള്ള ഫിഫ നിലവാരത്തിൽ നിർമിച്ച നാച്വറൽ ഫുട്ബാൾ ഗ്രൗണ്ട്, ഗാലറി, ചുറ്റുമതിൽ, ഡ്രയിനേജ് സംവിധാനം, ലാന്‍റ് ഡെവലപ്മെന്‍റ്, പാർക്കിങ് സംവിധാനം, നിലവിലെ കെട്ടിടത്തിന്‍റെ നവീകരണം എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.
രണ്ടാം ഘട്ടത്തിൽ എട്ട് ട്രാക്കുള്ള ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കും നിർമിക്കാനും അനുമതിയായി. ഖേലോ ഇന്ത്യാ പദ്ധതി പ്രകാരമാണിത്. എട്ട് ലൈൻ ട്രാക്കിനൊപ്പം ജംപിങ് പിറ്റ്, ട്രാക്കിനു ചുറ്റും സുരക്ഷാവേലി, പവലിയൻ, ഡ്രസിങ് റൂം, ബാത്ത് റൂം, ടോയ് ലറ്റ് എന്നിവയും നിർമിക്കും.
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഇ.എം.എസ് മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വിവിധ കായിക മത്സരങ്ങൾ നടത്താവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളും വീക്ഷിക്കാവുന്ന തരത്തിലുള്ള ഗാലറി, ലൈറ്റിങ് സംവിധാനം, മികച്ച പ്രതലം, ഡ്രസിങ് റൂം, ബാത് റൂം, ടോയ് ലറ്റ് സൗകര്യം, പാർക്കിങ് സംവിധാനം എന്നിവയും ഇവിടെ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. ബാസ്കറ്റ് ബോൾ കോർട്ട്, 4 ഷട്ടിൽ ബാഡ്മിന്‍റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്.
കായിക-യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, കായിക യുവജന സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ജെറോമിക് ജോർജ്, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.ജെ ആന്‍റോ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

