രണ്ടര കോടി നൽകിയില്ലെങ്കിൽ യൂട്യൂബിലൂടെ അപകീർത്തിപ്പെടുത്തുമെന്ന്; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsലോറൻസ്
തൃശൂർ: രണ്ടര കോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനൽ വഴി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തിൽ വീട്ടിൽ ലോറൻസിനെയാണ് (52) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി എറണാകുളം തൃക്കാക്കര തൈക്കാട്ടുകര കരുണ നിവാസിൽ ബോസ്കോ കളമശ്ശേരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്നും പരാതി ഒത്തുതീർക്കാൻ രണ്ടര കോടി രൂപ നൽകണമെന്നും അല്ലാത്തപക്ഷം യൂട്യൂബ് ചാനലിലൂടെ പീഡനവിവരം പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി തൃശൂർ പാപ്പിനിവട്ടം സ്വദേശിയിൽനിന്നാണ് പണം ആവശ്യപ്പെട്ടത്.
പരാതിക്കാരന്റെ സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ വ്യക്തിയെ വിളിച്ചായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പ്രതികൾ യൂട്യൂബ് ചാനലിൽ പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നുള്ള വാട്സ്ആപ് ചാറ്റുകളും മറ്റും വീണ്ടെടുക്കാൻ നടപടിയാരംഭിച്ചു. നേരത്തേ അറസ്റ്റിലായ ബോസ്കോ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സബ് ഇൻസ്പെക്ടർ പ്രമോദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദുർഗാലക്ഷി, സിവിൽ പൊലീസ് ഓഫിസർമാരായ വൈശാഖ്, ഷാൻ, അരുൺജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

