‘നഴ്സുമാരെ മുന്നിൽനിർത്തി സഭക്കെതിരെ വിധ്വംസക ശക്തികൾ പ്രവർത്തിക്കുന്നു’ -പ്രതിരോധ സംഗമം സംഘടിപ്പിച്ച് തൃശൂർ അതിരൂപത; ഇത് തൊഴിൽ സമരമെന്ന് യു.എൻ.എ
text_fieldsതൃശൂർ അതിരൂപത സംഘടിപ്പിച്ച പ്രതിരോധ സംഗമം, യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ
തൃശൂർ: നഴ്സുമാരെ മുന്നിൽനിർത്തി സഭയെ തകർക്കാൻ ശ്രമിക്കുന്ന വിധ്വംസകശക്തികളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. ആരോഗ്യ മേഖലയിലെ കച്ചവടക്കാർക്ക് കവചം ഒരുക്കാൻ രാജ്യത്തെ തന്നെ മികച്ച മെഡിക്കൽ കോളജ് ആശുപത്രികളായ ജൂബിലിയിലും അമലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂർ അതിരൂപത സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔപചാരിക ആതുരശുശ്രൂഷ രംഗത്ത് ഭരണകൂടങ്ങൾ കടന്നുവന്നിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആകുന്നുള്ളൂ. എന്നാൽ ഒന്നാം നൂറ്റാണ്ട് മുതൽ കർത്താവിന്റെ ഹൃദയത്തുടിപ്പേറ്റു വാങ്ങിയ ക്രൈസ്തവർക്ക് നല്ല സമരിയാക്കാരായുള്ള പ്രവർത്തന പാരമ്പര്യമാണുള്ളത്. തൃശൂർ അതിരൂപതയുടെ അഭിമാനസ്തംഭങ്ങളായ ജൂബിലിയെയും അമലയെയും അസ്വസ്ഥതപ്പെടുത്തുവാൻ കേരള കത്തോലിക്ക സഭ അനുവദിക്കില്ലെന്നും അദ്ദേഹം കൂ ട്ടിച്ചേർത്തു.
സമരം ചെയ്യുന്ന നഴ്സുമാരോട് ആരംഭം മുതൽ തന്നെ കാരുണ്യത്തോടെ മാത്രമേ ജൂബിലി, അമല ആശുപത്രി അധികൃതർ പെരുമാറിയിട്ടുള്ളൂവെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. ആശുപത്രിക്ക് ചുറ്റും നടക്കുന്ന നാടകത്തിന്റെ തിരക്കഥ മറ്റെവിടെയോ രചിക്കപ്പെടുന്നതാണ്. സകലശക്തിയും ഉപയോഗിച്ച് തൃശൂർ അതിരൂപത തിന്മയുടെ ശക്തികളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ കാരുണ്യപ്രവർത്തനങ്ങൾ നിർബാധം തുടരും. അതിരൂപതയുടെ അധ്യക്ഷനോടും അതിരൂപതയോടും അവഹേളനപരമായി പെരുമാറുന്നവർ, അവരെ തെറ്റിദ്ധരിപ്പിക്കുന്ന അന്ധകാരശക്തികളെ തിരിച്ചറിയണമെന്നും അവരിൽനിന്ന് അകലം പാലിക്കണമെന്നും മാർ ടോണി നീലങ്കാവിൽ കൂട്ടിച്ചേർത്തു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുരിയൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, സഭാതാരം പി.ഐ. ലാസർ മാസ്റ്റർ, സി.ആർ.ഐ സെക്രട്ടറി സിസ്റ്റർ ജോളി ചിറ്റിലപ്പിള്ളി, അഡ്വ. ബിജു കുണ്ടുകുളം എന്നിവർ സംസാരിച്ചു.
അതേസമയം, നഴ്സുമാരുടേത് ഒരു തൊഴിൽ സമരമാണെന്നും മതവിഷയമായി ചിത്രീകരിക്കരുതെന്നും യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിൻ ഷാ ഫേസ്ബുക്കിൽ കുറിച്ചു. അതിരൂപത പ്രതിരോധ സംഗമത്തിന് പിന്നാലെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
‘വീണ്ടും ഓർമിപ്പിക്കുന്നു, ഇത് തൊഴിൽ സമരം...’ -എന്ന് തുടങ്ങുന്ന കുറിപ്പിൽ സംഗമത്തിൽ കുറഞ്ഞ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും, യഥാർഥ വിശ്വാസികൾക്ക് ദൈവത്തെയും തൊഴിലാളികളെയും തിരിച്ചറിയാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്നും ജാസ്മിൻ ഷാ വിമർശിച്ചു.
‘തൃശൂർ അതിരൂപതക്ക് ഒരു പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ അഞ്ച് ലക്ഷം വിശ്വാസികൾ ഓടിയെത്തുക തന്നെ ചെയ്യും. പക്ഷേ, അത് മതപരമായ കാര്യമായിരിക്കണം, ന്യായമുണ്ടാകണം എന്ന് മാത്രം. അനീതിക്ക് വേണ്ടി വിളിച്ചാൽ ഒരു ശതമാനം പോലും വരില്ല എന്നത് തെളിയിച്ചു, ഇന്നത്തെ പ്രോഗ്രാം. തൊഴിലാളികൾ ന്യായമായ കൂലി കൂട്ടി ചോദിച്ചാൽ അതിനോടൊപ്പം കേരളജനത കൂടെയുണ്ടാകുമെന്നതിന്റെ തെളിവാണ് ഈ പരിപാടിയിൽ ജനങ്ങൾ മാറിനിന്നത്. നിർബന്ധിച്ച് വിളിച്ചിട്ട് പോലും വിശ്വാസിസമൂഹം അനീതിക്കൊപ്പം നിന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇതേവേദിയിൽ ഞങ്ങളുടെ മറുപടി ഇതിനേക്കാൾ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ഉടൻ തരുന്നതായിരിക്കും’ -എന്ന് പറഞ്ഞാണ് ജാസ്മിൻ ഷാ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

