തൃക്കാക്കര ഓഹരി തട്ടിപ്പ് കേസ്: പുറത്തുവന്നത് 85 കോടിയുടെ വെട്ടിപ്പ്; വ്യാപ്തി കൂടും- ഡി.സി.പി
text_fieldsകൊച്ചി: തൃക്കാക്കര ഓഹരി തട്ടിപ്പുകേസിൽ ഇതുവരെ 85 കോടി രൂപയുടെ വെട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി എസ്. ശശിധരൻ. പ്രതികൾ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചെന്ന് കണ്ടെത്താനായിട്ടില്ല.
മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപ പ്രതികൾ ധൂർത്തടിച്ചു. പ്രതി എബിൻ വർഗീസ് ഗോവയിൽ ചൂതാട്ടത്തിലാണ് കോടികൾ പൊടിച്ചത്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് പ്രതികളായ എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. ഇരുവരും ഡൽഹി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. തിങ്കളാഴ്ച രാത്രി ദുബൈയിൽനിന്ന് ഡൽഹി വഴി നാട്ടിൽ തിരിച്ചെത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇരുവർക്കുമെതിരെ നേരത്തേ സിറ്റി പൊലീസ് സർക്കുലർ പുറത്തിറക്കിയിരുന്നു.
ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഓഹരി വിപണിയിൽ ഇടനിലക്കാരായാണ് പ്രവർത്തിച്ചിരുന്നത്. 2014 വരെ ഓഹരി വിപണിയിൽ പ്രവർത്തിച്ചിരുന്നതാണ് കമ്പനി. അടുത്തകാലം വരെ കൃത്യമായി ലഭിച്ചിരുന്ന ലാഭവിഹിതം വൈകാൻ തുടങ്ങിയതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിത്തുടങ്ങിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയിൽ കൂടുതൽ പേർ എത്തിയതോടെയാണ് സ്ഥാപനം പൂട്ടി കുടുംബസമേതം രാജ്യം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

