കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കേസ്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്‍റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചങ്ങലപൊട്ടിയ നായെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നതെന്ന് സുധാകരൻ നടത്തിയ പരാമർശമാണ് കേസിനിടയാക്കിയത്.
വിദ്വേഷ പ്രസംഗം നടത്തിയതിന് ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് കേസ്. പരാതിക്കാരനിൽനിന്ന് പൊലീസ് മൊഴിയെടുത്തു. സുധാകരന്‍റെ പരാമർശത്തിനെതിരെ എൽ.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കേസെടുക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുധാകരൻ അബദ്ധത്തിൽ പറഞ്ഞതല്ലെന്നും നേതാക്കളുടെ ഒത്താശയോടെ നിരന്തരം മുഖ്യമന്ത്രിയെ അധിക്ഷേപിക്കൽ പതിവാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് അടക്കം നേതാക്കൾ പ്രതികരിച്ചിരുന്നു.
കേസെടുത്തത് എൽ.ഡി.എഫിന് ഒന്നും പറയാനില്ലാത്തതിനാൽ -വി.ഡി. സതീശൻ
കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച വിഷയങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ കെ.പി.സി.സി അധ്യക്ഷന്‍റെ പ്രസ്താവന വിവാദമാക്കി നിലനിർത്താൻ ഉദ്ദേശിച്ചാണ് ഇതിന്‍റെ പേരിൽ കേസെടുത്തിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മനഃപൂർവം പ്രകോപനമുണ്ടാക്കാനുള്ള നീക്കമാണിത്. നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് കെ.പി.സി.സി അധ്യക്ഷനെതിരെ എടുത്തിരിക്കുന്നത്. കോടതിയുടെ വരാന്തയില്‍പോലും നില്‍ക്കാത്ത കേസാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പരാമർശം പിന്‍വലിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയിരിക്കെ വീണ്ടും വിഷയം കുത്തിപ്പൊക്കി അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ ക്രെഡിറ്റ് പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.