തൃക്കാക്കരയിൽ എൽ.ഡി.എഫ് മുന്നേറി, യു.ഡി.എഫ് ശരിക്കും തോൽപിച്ചത് പി.ടി തോമസിനെ -എം.വി. ജയരാജൻ
text_fieldsകണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അവരുടെ പൊന്നാപുരം കോട്ടയായി കണക്കാക്കുന്ന സ്ഥലത്ത് എൽ.ഡി.എഫിന് മുന്നേറ്റമുണ്ടായതായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. എന്നാൽ, തൃക്കാക്കരയിൽ യു.ഡി.എഫിന്റെ ശരിക്കും അവസ്ഥ എന്താണെന്നും കണക്കിൽ വിജയിച്ച അവർക്ക് രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാൻ സാധിച്ചോ എന്നും ജയരാജൻ ചോദിച്ചു.
'പി.ടി. തോമസ് ഉയർത്തിയ മൂല്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള വിജയമാണ് തൃക്കാക്കരയിൽ യു.ഡി.എഫ് നേടിയത്. വർഗീയ കക്ഷികൾക്കും ട്വന്റി 20 ക്കും പി.ടി എതിരായിരുന്നു. എന്നിട്ടും ഉമാ തോമസ്, ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി സഹായം അഭ്യർഥിച്ചു. എൽ.ഡി.എഫിനെ തോൽപിക്കാൻ സകല വർഗീയ -പിന്തിരിപ്പൻ കക്ഷികളുമായും കൂട്ടുകൂടിയ യു.ഡി.എഫ് ശരിക്കും തോൽപിച്ചത് പി.ടി തോമസിനെ തന്നെയാണ്.
വോട്ട് മറിച്ചെന്ന് സ്ഥാനാർത്ഥിയും ബിജെപി വോട്ട് കിട്ടിയെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പരസ്യമായി പറഞ്ഞതോടെ തൃക്കാക്കരയിലെ വിജയം യു.ഡി.എഫിലും ബി.ജെ.പിയിലും കലഹമാണ് സൃഷ്ടിച്ചത്' -ജയരാജൻ ആരോപിച്ചു.
ജയരാജൻ എഴുതിയ കുറിപ്പ് വായിക്കാം:
വെന്റിലേറ്ററിൽ നിന്ന് ഐസിയുവിൽ എത്തിയ കോൺഗ്രസ് വീണ്ടും വെന്റിലേറ്ററിലേക്കോ?
ബിജെപി വോട്ട് മറിച്ചെന്ന് സ്ഥാനാർത്ഥി. അത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവും, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ പ്രതികരണങ്ങൾ കോൺഗ്രസിനെ വീണ്ടും വെന്റിലേറ്ററിലേക്ക് എത്തിക്കുമോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആവില്ല. പി ടി തോമസ് ഉയർത്തിയ മൂല്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള വിജയമാണ് തൃക്കാക്കരയിൽ udf ന് ഉണ്ടായതെന്നതിന്റെ വ്യക്തതയാണ് കോൺഗ്രസ്സ് നേതാവ് ശ്രീ വി ഡി സതീശന്റെ ഈ വാക്കുകൾ.
BJP വോട്ടുകൾ കിട്ടിയാണ് വിജയിച്ചതെന്ന് അദ്ദേഹം സമ്മതിക്കുന്നു. വർഗീയ കക്ഷികൾക്കും ട്വന്റി -20 ക്കും പി.ടി എതിരായിരുന്നു. എന്നിട്ടും ഉമാ തോമസ്, bjp യുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി സഹായം അഭ്യർഥിച്ചതും കേരളം കണ്ടു. സത്യത്തിൽ LDF മുന്നേറ്റം ഉണ്ടാകുമെന്ന് വ്യക്തമായതോടെ, LDF നെ തോൽപ്പിക്കാൻ സകല വർഗീയ -പിന്തിരിപ്പൻ കക്ഷികളുമായും കൂട്ടുകൂടിയ udf, ശരിക്കും തോൽപ്പിച്ചത് പി ടി തോമസിനെ തന്നെയാണ്.
വോട്ട് മറിച്ചെന്ന് സ്ഥാനാർത്ഥിയും ബിജെപി വോട്ട് കിട്ടിയെന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും പരസ്യമായി പറഞ്ഞതോടെ തൃക്കാക്കരയിലെ യുഡിഎഫ് വിജയം യുഡിഎഫിലും ബിജെപിയിലും കലഹമാണ് സൃഷ്ടിച്ചത്. കലഹമാവട്ടെ തെരുവിൽ എത്തുകയും ചെയ്തു. ബിജെപി സ്ഥാനാർത്ഥി പറഞ്ഞത് 24000 വോട്ട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ എന്നും എന്നാൽ എൽഡിഎഫ് ജയിക്കും എന്ന ധാരണ ഉണ്ടായപ്പോൾ പ്രവർത്തകർ വോട്ട് യുഡിഎഫിന് നൽകി എന്നുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ആവട്ടെ സഹതാപതരംഗം ആണ് യുഡിഎഫിന്റെ വിജയത്തിന് കാരണം എന്ന് പറഞ്ഞതോടെ വോട്ട് മറിച്ചെന്ന് സുവ്യക്തം.
അണികൾ നാടെമ്പാടും ആഹ്ലാദപ്രകടനവും കെ വി തോമസിനെതിരെ പ്രതിഷേധ പ്രകടനവും നടത്തുമ്പോൾ സ്വന്തം പാളയത്തിൽ തന്നെ പണി ആരംഭിച്ച നിലയാണ് കോൺഗ്രസിൽ. യുഡിഎഫ് സ്ഥാനാർത്ഥി പടയാണ് കോൺഗ്രസിൽ ആരംഭിച്ചത്. സ്ഥാനാർത്ഥി മോഹം ഉണ്ടായിരുന്ന യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്നും യോഗം വിളിക്കാൻ ഡൊമിനിക്കിനെ അനുവദിക്കില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് വ്യക്തമാക്കിയിരിക്കുകയാണ്. ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ നേതാവിന്റെ ഒത്താശയോടെ ആണെന്നാണ് ഡൊമിനിക്കിന്റെ പ്രതികരണം.
തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വി ഡി സതീശൻ നോക്കുമ്പോൾ കെ മുരളീധരനും മറ്റു നേതാക്കളും അതിനെ ചോദ്യം ചെയ്യുന്നു. ചുരുക്കത്തിൽ ഒരു വിജയം കോൺഗ്രസിലും ബിജെപിയിലും തമ്മിലടി രൂക്ഷമാക്കിയിരിക്കയാണ്.
മാധ്യമങ്ങളിൽ ചിലർ പറഞ്ഞത് LDF തകർന്നു എന്നൊക്കെയാണ്. UDF, അവരുടെ പൊന്നാപുരം കോട്ടയായി കണക്കാക്കുന്നയിടത്തും LDF ന് മുന്നേറ്റമുണ്ടായി. എന്നാൽ UDF ന്റെ ശരിക്കും അവസ്ഥ എന്താണ്..? കണക്കിൽ അവർ വിജയിച്ചു. രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാൻ അവർക്ക് സാധിച്ചോ..? തോന്നിയാൽ BJP യിൽ പോകും എന്ന് പറഞ്ഞ് ഊഴം നോക്കി നിൽക്കുന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടാണെങ്കിൽ വൻ വിജയം നേടി എന്ന് പറഞ്ഞോളൂ.
എന്നാൽ, പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ കിട്ടിയ ട്വന്റി -20 വോട്ടുകളും BJP വോട്ടുകളും കിഴിച്ചാൽ പിന്നെ എന്തുണ്ട് മുന്നേറ്റം പറയാൻ കോൺഗ്രസ്സ് അക്കൗണ്ടിൽ ബാക്കി..!?
20000 ത്തിലേറെ വോട്ടുകൾ മണ്ഡലത്തിൽ BJP ക്കായി ഉണ്ടെന്നാണ് അവർ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുമ്പ് 21247 വോട്ട് കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ BJP ക്ക് ഈ തെരഞ്ഞെടുപ്പിൽ കുറവ് 8298 വോട്ടുകൾ. നേരത്തെ ട്വന്റി -20ക്ക് കിട്ടിയ 13897 വോട്ടുകളും കൂടി ചേർന്നാലോ..? ആകെ മറ്റ് വോട്ടുകൾ 22187. ചില sdpiക്കാരുടെ പോസ്റ്റുകൾ കണ്ടത്, അവർ UDF നാണത്രേ വോട്ട് ചെയ്തത്. ആ വഴിയിൽ കിട്ടിയതുകൂടി നിങ്ങൾ കൂട്ടിക്കോ... സംഭവം, തോൽവി മണത്ത കോൺഗ്രസ്സ് നേതാക്കൾ, സകല വർഗീയ- പിന്തിരിപ്പൻ കക്ഷികളെയും ഒപ്പം ചേർത്ത് വിജയത്തിന്റെ കച്ചിത്തുരുമ്പ് കണ്ടെത്തുകയായിരുന്നു എന്ന് ചുരുക്കം.
BJP, ട്വന്റി -20 വോട്ടുകൾ udf വിജയത്തിന്റെ ഭാഗമാണെന്നും അല്ലെങ്കിൽ 25000 ഭൂരിപക്ഷം നേടാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവു തന്നെ സമ്മതിച്ച സാഹചര്യത്തിൽ, പി. ടി യുടെ ആദർശം ബലികഴിച്ച് എങ്ങനെയും വിജയം വരിക്കുക എന്നതായിരുന്നു UDF ലക്ഷ്യമെന്നത് അടിവരയിടുകയാണ്.
ഇതു സംബന്ധിച്ച് ശ്രീമതി ഉമാ തോമസ് ചുരുങ്ങിയപക്ഷം പി.ടിയെ സ്നേഹിക്കുന്ന കോൺഗ്രസുകാരോടെങ്കിലും മറുപടി പറയേണ്ടി വരും. LDF തകർന്നു എന്നെല്ലാം അവരവരുടെ മോഹം വാർത്തയാക്കിയവർക്കും കൂടിയുള്ള മറുപടിയാണ് ഫലത്തിൽ പ്രതിപക്ഷ നേതാവിന്റെ ഈ വെളിപ്പെടുത്തൽ എന്ന് കരുതണം. ഇടതുപക്ഷ വിരോധം നുരപൊങ്ങി, വസ്തുതയെ അകലെ നിർത്തിയുള്ള മാധ്യമ പ്രവർത്തനത്തിന് മുന്നിൽ നല്ല നമോവാകം എന്നേ പറയാനുള്ളൂ....
- എം വി ജയരാജൻ