ഉപതെരഞ്ഞെടുപ്പ് പരാജയം: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ചേർന്നു, എല്ലാ ഘടകങ്ങളും പരിശോധിക്കുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എറണാകുളം ജില്ല സെക്രട്ടേറിയറ്റ് ചേർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ലോക്കൽ കമ്മിറ്റികൾ ശേഖരിച്ച കണക്കുകൾ സെക്രട്ടേറിയറ്റിന് കൈമാറി. കണക്കുകൾ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ ചർച്ചയുണ്ടായില്ലെന്നുമാണ് അറിയുന്നത്. ഇനി സംസ്ഥാന സെക്രട്ടേറിയറ്റിന് കണക്കുകൾ സമർപ്പിക്കും.
എല്ലാ ഘടകങ്ങളും പരിശോധിക്കും -പി. രാജീവ്
കൊച്ചി: തൃക്കാക്കര പോലുള്ള മണ്ഡലങ്ങളിലെ ജനങ്ങളുമായി അടുക്കാൻ കഴിയാത്തത് എന്തെന്നടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി പി. രാജീവ്. കടുത്ത യു.ഡി.എഫ് മണ്ഡലങ്ങളായിരുന്ന പത്തനംതിട്ടപോലും മാറി. ഇതുപോലെ എറണാകുളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തൃക്കാക്കരയിൽ പരമാവധി ശ്രമിച്ചു. എന്നാൽ, ഇടതുപക്ഷത്തിനെതിരായ ശക്തികളെല്ലാം ഒന്നിച്ചപ്പോൾ തോൽവിയുണ്ടാകുകയായിരുന്നെന്നും രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശക്തമായ യു.ഡി.എഫ് സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കര. ട്വന്‍റി20 യു.ഡി.എഫിനാണ് വോട്ട് നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായി സഹതാപതരംഗവുമുണ്ടായി. ഇങ്ങനെ എതിരായ എല്ലാ ഘടകങ്ങളും ഒന്നിച്ചു. എന്നിട്ടും എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ട് വർധിച്ചു. തോൽവിയുടെ പശ്ചാത്തലത്തിൽ എല്ലാ ഘടകങ്ങളും പാർട്ടി പരിശോധിക്കും -രാജീവ് പറഞ്ഞു.