തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരാജയ കാരണം നേതാക്കളുടെ വീഴ്ചയെന്ന് സി.പി.എം കമീഷന്
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമീഷന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുതി മാക്കേണ്ടി വന്നത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപതെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ എ.കെ. ബാലന്, ടി.പി. രാമകൃഷ്ണന് എന്നിവരടങ്ങുന്ന കമീഷനെയാണ് സി.പി.എം. നിയോഗിച്ചിരുന്നത്.
സംസ്ഥാന നേതൃത്വത്തിന് നൽകിയ കമീഷന് റിപ്പോര്‍ട്ട് എറണാകുളം ജില്ല കമ്മിറ്റിക്ക് കൈമാറി. സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗം കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാണ് എന്ന തരത്തിലായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുണ്ടായ ചുവരെഴുത്ത്. ഇത് മായ്ക്കേണ്ടി വന്നത് വലിയ നാണക്കേടായി. പാര്‍ട്ടിയില്‍ ഇത്തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആദ്യ ഘട്ടത്തിലുണ്ടായ അനിശ്ചിതത്വം തോല്‍വിക്ക് കാരണമായോ എന്നും ഇനി ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്ത് വിലയിരുത്തും. തൃക്കാക്കരയില്‍ അവിശ്വസനീയമായ പരാജയമാണ് ഉണ്ടായതെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ല സെക്രട്ടറി സി.എന്‍. മോഹനന്റെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടും എല്‍.ഡി.എഫിന് മണ്ഡലത്തില്‍ കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്നലെ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്തു.