പൊലീസിന് കുറ്റം തെളിയിക്കാനായില്ല; വൃദ്ധയെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു
text_fieldsമാരാരിക്കുളം: അരശര്‍ക്കടവ് വീട്ടില്‍ ത്രേസ്യാമ്മയെ (62)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് കനാശ്ശേരി വീട്ടില്‍ അഗസ്റ്റിന്‍(60), ഇയാളുടെ മകന്‍ സെബാസ്റ്റ്യന്‍(40) എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2011 ജൂണ്‍ 14 ന് ഉച്ചയ്ക്കായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന ത്രേസ്യാമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം പതിമൂന്നര പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദൃക്‌സാക്ഷകളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാരാരിക്കുളം പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിനു ശേഷം ഒന്നാം പ്രതി ഒളിവില്‍ പോയി.
വേളാങ്കണ്ണിയില്‍ നിന്ന് പിടികൂടിയ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തതും സംഭവം നടന്ന സ്ഥലത്തെ അലമാരയില്‍ നിന്ന് ഒന്നാം പ്രതിയുടെ വിരലടയാളം ലഭിച്ചതും പ്രധാന തെളിവുകമായി പ്രോസിക്യൂഷന്‍ ഉയര്‍ത്തി കാട്ടിയിരുന്നു.
ഒന്നാം പ്രതി അഗസ്‌റ്റിനെതിരെ കൊലപാതകം ,മോഷണം, ഭവന ദേദനം തെളിവ് നശിപ്പിക്കള്‍ എന്നീ കുറ്റങ്ങളും രണ്ടാം പ്രതി സെബാസ്റ്റ്യനെതിരെ തെളിവ് നശിപ്പിക്കലും, കുറ്റ കൃത്യം മറയ്ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളുമാണ് ആരോപിച്ചത്. എന്നാല്‍ കൊലപാതകത്തിനുളള പ്രേരണ തെളിവില്ലെന്നും, സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.