കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
text_fieldsഗാന്ധിനഗർ (കോട്ടയം): കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സംക്രാന്തി തോണ്ടുതറ സക്കീര്‍ ഹുസൈന്‍റെ മകന്‍ മുഹമ്മദ് ഫാറൂഖ് (20), സംക്രാന്തി പ്ലാക്കില്‍പടി ബാബുക്കുട്ടന്റെ മകന്‍ ആല്‍വിന്‍ (22), തിരുവഞ്ചൂര്‍ തൂത്തൂട്ടി പുതുപ്പറമ്പില്‍ പ്രദീപിന്‍റെ മകൻ പ്രവീണ്‍ (24) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറിനു കുമാരനല്ലൂര്‍ - കുടമാളൂര്‍ റോഡില്‍ കൊച്ചാലുംമൂട് മില്ലെനിയം ജങ്ഷനിലെ വളവിലായിരുന്നു അപകടം. മറ്റക്കര പാദുവയില്‍നിന്ന് മണ്ണുമായി പുലിക്കുട്ടിശ്ശേരി പുത്തന്‍പാലത്തേക്കു പോകുകയായിരുന്നു ലോറി. കുടമാളൂര്‍ ഭാഗത്തുനിന്ന് ഡ്യൂക്ക് ബൈക്കില്‍ എത്തിയ യുവാക്കള്‍ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എതിര്‍ദിശയില്‍നിന്ന് എത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു.
മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അമിതവേഗത്തില്‍ ബൈക്ക് വരുന്നതുകണ്ട് മണ്ണുമായി പോകുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ അരികിലേക്ക് ഒതുക്കിയെങ്കിലും ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. അപകടത്തില്‍ ബൈക്ക് പൂർണമായി തകര്‍ന്നു.
മുഹമ്മദ് ഫാറൂഖിന്‍റെ മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: ഫൈറോസ്, ഫാത്തിമ. പ്രവീണിന്‍റെ മാതാവ്: മഞ്ജു. സഹോദരൻ: പ്രജിൻ. ആൽവിന്റെ മാതാവ് ഷേർളി: സഹോദരൻ: അലൻ.