ആദ്യ വനിത മന്ത്രിക്ക് നൽകിയ സ്വീകരണത്തിന്റെ ഓർമയിൽ ആലപ്പുഴ
text_fieldsആലപ്പുഴ: കേരളത്തിന്റെ സ്വന്തം വിപ്ലവ നക്ഷത്രം കെ.ആർ. ഗൗരിയമ്മയുടെ വേർപാടിന് മൂന്ന് വർഷം തികയുമ്പോഴും ആലപ്പുഴക്കാർ ആദ്യമായി മന്ത്രിയായി നാട്ടിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിന്റെ ഓർമകളിലാണ്. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത മന്ത്രിയായി 37ാം വയസ്സിൽ ചുമതലയേറ്റ് നാട്ടിലെത്തിയപ്പോൾ ഗൗരിയമ്മക്ക് നൽകിയ സ്വീകരണത്തിന്റെ ഓർമ പഴമക്കാരുടെ മനസ്സിൽ ഇന്നുമുണ്ട്.
ഓലമടലിന്റെ ആയിരംതുഞ്ചാണികൾ കൂട്ടി കൊളുത്തിയ തീവെട്ടത്തിലാണ് സ്വീകരണം ഏറ്റുവാങ്ങിയത്. 1957ൽ കെ.ആർ. ഗൗരിയമ്മ മന്ത്രിയായശേഷം ആദ്യം നാട്ടിൽ നടന്ന സ്വീകരണങ്ങൾ പടക്കം പൊട്ടിച്ചും മധുരം നൽകിയുമാണ് ജനം ആഘോഷിച്ചത്. പലയിടത്തും പെട്രോമാക്സിന്റെ വെളിച്ചത്തിൽ രാത്രിയായിരുന്നു സ്വീകരണം.
പെട്രോമാക്സ് കൊടുക്കാതിരിക്കാൻ പലരും ശ്രമിച്ചു. ചേർത്തലയിൽ ഒരു ജൂതവംശജനായ കോച്ചയെന്ന ജന്മിയായിരുന്നു പെട്രോമാക്സുകൾ വാടകക്ക് നൽകിയിരുന്നത്.
അയാൾ വിസമ്മതിച്ചപ്പോൾ നാട്ടുകാർ വെളിച്ചം പകരാൻ ഒരുവഴി കണ്ടെത്തി. ഉണങ്ങിയ ഓലയുടെ ആയിരത്തോളം ചൂട്ടുകൾ കെട്ടിയുണ്ടാക്കി അവർ കൈകളിൽ ഏന്തി. ആ പൊൻവെളിച്ചത്തിൽ കഴുത്തിൽ ചുവപ്പുമാലകളണിഞ്ഞായിരുന്നു ഗൗരിയമ്മയുടെ വരവ്.
കേരളത്തിന്റെ ആദ്യറവന്യൂമന്ത്രിയാകുമ്പോൾ ഗൗരിയമ്മയുടെ പ്രായം 37 വയസ്സായിരുന്നു. പിന്നീട് ഭൂപരിഷ്കരണനിയമം നടപ്പാക്കിയും സി.പി.എമ്മിനെ വെല്ലുവിളിച്ച് സ്വന്തം പാർട്ടിയുണ്ടാക്കി വീണ്ടും മന്ത്രിയായി കരുത്തുകാട്ടിയ ഗൗരിയമ്മ മരണശേഷവും ജ്വലിക്കുന്ന ഓർമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

