കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി
text_fieldsകൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. എട്ടര മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അംഗൻവാടിയിൽനിന്ന് മടങ്ങിയ കുട്ടി അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കാണാതായത്. കുട്ടിയെ പുഴയിൽ ഉപേക്ഷിച്ചതായി അമ്മ മൊഴി നൽകിയിരുന്നു. അമ്മക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ആലുവ ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കല്യാണിയെ അമ്മ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ സന്ധ്യയും കുട്ടിയും തിരുവാങ്കുളത്തെത്തി. അവിടെനിന്ന് സ്വകാര്യ ബസിൽ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. സന്ധ്യ ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. ഉടൻ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന സന്ധ്യ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. കസ്റ്റഡിയിലുള്ള സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

