തിരുവനന്തപുരം: കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലെ അടുത്ത മേയര്‍സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തു. കണ്ണൂര്‍, തൃശൂര്‍, കൊച്ചി കോര്പറേഷൻ മേയര്‍ സ്ഥാനം ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനങ്ങളിലെ വനിത, പട്ടികജാതി-വര്‍ഗ സംവരണത്തിെൻറ എണ്ണം നിശ്ചയിച്ചുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏതൊക്കെ സംവരണ വിഭാഗങ്ങള്‍ക്ക് ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം നല്‍കണമെന്ന് സെപ്റ്റംബര്‍ ആദ്യവാര്യത്തില് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തീരുമാനിച്ചേക്കും.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 471 പ്രസിഡൻറ് പദവികളാണ് വനിതകള്‍ക്ക് ലഭിക്കുക. പൊതുവിഭാഗത്തിന് 416 പ്രസിഡൻറ് പദവികൾ ലഭിക്കും. വനിത (ജനറല്‍) വിഭാഗത്തിന് 417ഉം പട്ടികജാതി (വനിത)വിഭാഗത്തിന് 46 ഉം, പട്ടികജാതി (ജനറല്‍) വിഭാഗത്തിന് 46 ഉം പട്ടികവര്‍ഗ (വനിത), പട്ടികവര്‍ഗ (ജനറല്‍) വിഭാഗങ്ങള്‍ക്ക് എട്ടുവീതവും ലഭിക്കും.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 77 അധ്യക്ഷസ്ഥാനമാണ് വനിതാസംവരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ 87 നഗരസഭകളില്‍ 44 അധ്യക്ഷസ്ഥാനങ്ങള്‍ ഇനി സംവരണത്തിലൂടെ വനിതകള്‍ക്കാണ് ലഭിക്കുക. പൊതുവിഭാഗം- 39, വനിത (ജനറല്‍) - 41, പട്ടികജാതി (ജനറല്‍)-മൂന്ന്, പട്ടികവര്‍ഗം (ജനറല്‍) ഒന്ന് എന്നിങ്ങനെയാണ് വിവിധവിഭാഗങ്ങള്‍ക്ക് തരംതിരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനങ്ങളില്‍ ആറ് എണ്ണമാണ് പൊതുവിഭാഗത്തിനാണ്.
വനിത (ജനറല്‍) വിഭാഗത്തിന് ഏഴും പട്ടികജാതിക്ക് (ജനറല്‍) ഒന്നുമാണ് ലഭിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നവംബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി ആഗസ്റ്റില്‍ ആരോഗ്യ വിദഗ്ധരുടെ യോഗം കമീഷന് വിളിച്ചുചേര്‍ക്കും. സര്‍ക്കാറിനും കമീഷനും തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തണമെന്ന ഉദ്ദേശ്യമാണുള്ളത്. പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്റ്റില്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.