കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ചതടക്കം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
text_fieldsഎം. ലിജു
കൊല്ലം: കോൺഗ്രസ് നേതാവ് എം. ലിജു സഞ്ചരിച്ചതടക്കം മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കൊല്ലം കൊട്ടാരക്കര വയക്കലിലായിരുന്നു അപകടം. കേരളാ പൊലീസിന്‍റെ ഇന്‍റർസെപ്റ്റർ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് അപകടത്തിന് കാരണം.
അപകടം കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് എം. ലിജുവിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലിജുവിന് പരിക്കില്ല. എന്നാൽ, വാഹനത്തിന് കേടുപാട് സംഭവിച്ചു. കോട്ടയം സ്വദേശികളായ കാർ യാത്രക്കാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
പത്തനംതിട്ടയിലെ കെ.പി.സി.സി പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ലിജു. അപകട വിവരം എം. ലിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
എം. ലിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
ഇന്ന് തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലെ കെപിസിസി പരിപാടിക്ക് പോകുന്ന വഴിയിൽ കൊട്ടാരക്കരക്ക് അടുത്തുവച്ച് ഞാനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ആറ്റിപ്ര അനിൽ, പ്രകാശ്, ശിവപ്രകാശ് എന്നിവർ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു പോലീസ് ഇന്റർസെപ്ടർ വാഹനം വന്നിടിക്കുകയുണ്ടായി. മൂന്നോളം വാഹനങ്ങളിൽ ഇടിച്ചാണ് പോലീസ് വാഹനം നിന്നത്. ഞങ്ങളുടെ വാഹനത്തിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ദൈവാനുഗ്രഹത്താൽ ഞങ്ങളുടെ വാഹനം ഓടിച്ചിരുന്ന ശിവപ്രകാശിന്റെ സമയോചിതമായ ഇടപെടൽ കാരണം ഞങ്ങൾക്ക് ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ പിന്നിൽ വന്നിരുന്ന വാഹനത്തിലേക്കാണ് പ്രധാനമായ അപകടമുണ്ടായത്. ആ വാഹനത്തിൽ സഞ്ചരിച്ച കുടുംബത്തിന് സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. അവരെ ഉടൻ തന്നെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ആശുപത്രിയിലും പോവുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് ഒട്ടേറെ സ്നേഹിതർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് ഇട്ടത്.
എല്ലാവരുടെയും സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

