പിണങ്ങി വീടുവിട്ട് രണ്ട് പ്ലസ് ടു വിദ്യാർഥികളും ഒമ്പതാം ക്ലാസുകാരനും; രാത്രി നാടാകെ അന്വേഷണം, പുലർച്ചെയോടെ കണ്ടെത്തി
text_fieldsAI Image
പന്തളം: വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ മൂന്ന് ആൺകുട്ടികളെ പന്തളം പൊലീസ് കണ്ടെത്തി. തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ രണ്ടുപേരും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയത്.
ബുധനാഴ്ച വൈകിയിട്ടും ഇവർ തിരികെയെത്താതായതോടെ അന്വേഷണം തുടങ്ങി. കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ പന്തളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ വീടുവിട്ട കുട്ടികൾ പലയിടങ്ങളിലും കറങ്ങി രാത്രിയിൽ തോട്ടക്കോണം സ്കൂൾ കേന്ദ്രീകരിച്ച് താവളം ഉറപ്പിച്ചു. പിന്നീട് പുലർച്ചെ മൂന്നുപേരും എറണാകുളത്ത് പോകാൻ പദ്ധതിയിടുമ്പോഴാണ് പൊലീസ് കണ്ടെത്തിയത്. ഇവർ ഉപയോഗിച്ചിരുന്ന ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. പുലർച്ചെ ഫോൺ ഓണാക്കി കുട്ടികളിലൊരാൾ ബന്ധുവിനെ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ പന്തളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുവിനെ ബന്ധപ്പെടുകയും ഇതുവഴി കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.
പന്തളം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, കെ. അമീഷ് എന്നിവരുടെ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

