ആനക്കൊമ്പുകളും ആറു നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: അട്ടപ്പാടി പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകൾ, ആറ് നാടൻ തോക്കുകൾ ഉൾപ്പെടെ വിവിധതരത്തിലുള്ള വൻ ആയുധ ശേഖരവുമായിമൂന്നുപേർ പിടിയിൽ ഒരാൾ കടന്നു കളഞ്ഞു. അഗളി,ഇലവഴിച്ചി, കൈതക്കുഴിയിൽ സിബി (58), മലപ്പുറം, കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ (36)മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40)എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട്,പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിലാണ് ( 40 ) കടന്നു കളഞ്ഞത്.
സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വില്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആറു നാടൻ തോക്കുകൾ കൂടാതെ പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങൾ എന്നിവയും പിടിച്ചെടുത്തു.രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ് )വിഭാഗവും അട്ടപ്പാടി റെയിഞ്ചും ഊർജിതമാക്കി.
പിടിയിലായ സിബി സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളും വനം കുറ്റകൃത്യങ്ങൾക്ക് പുറമേ പൊലീസ്, എക്സൈസ് വകുപ്പുകളിലും കേസുകൾ നിലവിലുള്ളയാളും, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വനം വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളയാളുമാണ്. ഫോറസ്റ്റ് ഇൻറലിജൻസ് സ്ക്വാഡ് തിരുവനന്തപുരം, കൊച്ചി വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. ശ്രീകുമാർ, പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ ഒദ്യോഗസ്ഥർ, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.രാജേഷ്, ആർ. സൂര്യ പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി. ബാബുരാജ്, വി. ഉണ്ണികൃഷ്ണൻ, ഡി. രതീഷ് ഭാനു, എ. രാമകൃഷ്ണൻ ,എം. മനു, ഫോറസ്റ്റ് ഡ്രൈവർ കെ. മുരളീധരൻ, പുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി.എം. മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ബിനു ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

