സ്വർണമാല കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsകെ. ബൈജു, റഫീഖ്, കെ. ഷമേഷ്
കണ്ണൂർ: പുതിയതെരുവിൽനിന്ന് ചിറക്കൽ സ്വദേശിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ വളപട്ടണം പൊലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ പാലത്ത് ഹൗസിൽ കെ. ഷമേഷ്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കണ്ടൻ ഹൗസിൽ കെ. ബൈജു, മയ്യിൽ ചെറുമ്മൽ പുതിയപുരയിൽ ഹൗസിൽ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 28ന് രാത്രി 10.20ഓടെ പുതിയതെരു ബാറിന് സമീപമാണ് ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല മൂന്നംഗ സംഘം കവർന്നത്. കർണാടകയിലേക്ക് കടന്ന സംഘം മംഗളൂരുവിലും കൊല്ലൂരിലും ഒളിവിൽ കഴിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ബൈജുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു.
വളപട്ടണം എസ്.എച്ച്.ഒ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മംഗളൂരുവിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നിരീക്ഷണ കാമറകളും മൊബൈൽഫോൺ വിളികളും ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

