ഇരട്ടയാർ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നുപേർ ഏഴുകിലോ കഞ്ചാവുമായി അറസ്റ്റിൽ
text_fieldsകട്ടപ്പന: ഇരട്ടയാറിൽ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്ന് പേർ ഏഴുകിലോ കഞ്ചാവുമായി പിടിയിൽ. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ്. രതീഷിന്റെ ഉടമസ്ഥതയിൽ ടൗണിലുള്ള കടയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
രണ്ട് പാക്കറ്റുകളിലായി കടയിൽ സൂക്ഷിച്ച ഏഴ് കിലോ 90 ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കടയുടമയായ രതീഷിനെയും (41) കടയിലെ തൊഴിലാളികളും ഇതര സംസ്ഥാനക്കാരുമായ ഒഡിഷ സ്വദേശി സമീര്‍ ബെഹ്റ (21), ലക്കി നായക് (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ട് 3.30 നാണ് സംഭവം. കടയിലെ തൊഴിലാളിയായ ലക്കി നായക് കട്ടപ്പനയിൽ വന്നപ്പോൾ സുഹൃത്തായ സമീറിന് കഞ്ചാവ് കൊണ്ടുവന്ന് കൊടുത്തതാണെന്നും തനിക്ക് അറിവില്ലെന്നും പഞ്ചായത്തംഗവും കടയുടമയുമായ രതീഷ് പൊലീസിനോട് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എസ്.പിയുടെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം സി.ഐ ജെർലിൻ വി. സ്കറിയ, എസ്.ഐമാരായ എബി ജോർജ്, മഹേഷ് കുമാർ, എം.എസ്. അഭിജിത്, ഡെജി, എസ്.സി.പിഒമാരായ കെ.എം. ബിജു, കെ.എ. അനൂപ്, സി.പി.ഒമാരായ ഡെന്നി തോമസ്, റാൾസ് സെബാസ്റ്റ്യൻ, ബിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

