വേളാങ്കണ്ണിയിൽ മലയാളി തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു
text_fieldsഅപകടത്തിൽപ്പെട്ട ബസ്, ഇൻസെറ്റിൽ മരിച്ച ലില്ലി, ജെറാൾഡ്
ചെന്നൈ: തൃശൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് കുട്ടിയടക്കം രണ്ടു മരണം. 30ഓളം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. തൃശൂർ ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളായ സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ വർഗീസ് ഭാര്യ ലില്ലി(63), വരന്തരപള്ളി പള്ളിക്കുന്ന് ജെറാൾഡ് ജിമ്മി(ഒൻപത്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ച നാലര മണിയോടെ തഞ്ചാവൂർ ഓരത്തുനാട് ഒക്കനാട് കീഴയൂരിലെ വളവിൽവെച്ച് നിയന്ത്രണംവിട്ട് കെ.വി ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസ് റോഡരുകിലെ ഇരുമ്പ് ബാരിക്കേഡ് തകർത്ത് കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും ഉൾപ്പെടെ ബസിൽ 51 യാത്രക്കാരാണുണ്ടായിരുന്നത്.
വാഹനമോടിക്കവെ ഡ്രൈവർ ഉറക്കത്തിൽപ്പെട്ടതാണ് കാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ട് സമീപവാസികളും അതുവഴി വാഹനങ്ങളിലെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പലരുടെയും കൈകാലുകൾ മുറിഞ്ഞ നിലയിലാണ് പരിക്കേറ്റവരെ തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലും മന്നാർകുടി, ഓരത്തുനാട് ഗവ. ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ ഓശാന ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുക്കാനായി സംഘം ഒല്ലൂരിൽനിന്ന് പുറപ്പെട്ടത്.
അതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കറ്റവർക്ക് അര ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

