കടക്കെണി: മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയിൽ
text_fieldsരമേശൻ, സുലജകുമാരി, രേഷ്മ
കഴക്കൂട്ടം: കഠിനംകുളം പടിഞ്ഞാറ്റുമുക്കിൽ കുടുംബത്തിലെ മൂന്നുപേർ കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയിൽ. പടിഞ്ഞാറ്റുമുക്ക് കാർത്തികയിൽ രമേശൻ (48) ഭാര്യ സുലജകുമാരി (46) മകൾ രേഷ്മ (23) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. പലിശക്കാരുടെ സമ്മർദം താങ്ങാനാകാതെയാണ് മരണം.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന സുലജകുമാരിയുടെ മാതാപിതാക്കൾ ഉണർന്നപ്പോൾ തീ പടരുന്നതാണ് കണ്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികളെത്തിയപ്പോൾ കിടപ്പുമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തുവെച്ചിരുന്നു.
തീപിടിച്ച് പൊട്ടിയ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. രമേശന്റെ മൃതദേഹം തറയിലും സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലുമാണ് കിടന്നത്. രമേശൻ വ്യാഴാഴ്ച രാവിലെയാണ് വിദേശത്തുനിന്നെത്തിയത്. കടബാധ്യതയും പലിശക്കാരുടെ പീഡനവുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുലജയുടെ പിതാവ് സുരേന്ദ്രൻ പറഞ്ഞു.
സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപെട്ടതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. മകൻ രോഹിത് തമിഴ്നാട്ടിൽ ചെണ്ടമേളത്തിനുപോയിരുന്ന സമയമാണ് ആത്മഹത്യ നടന്നത്. റൂറൽ എസ്.പി ഡി. ശിൽപ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കഠിനംകുളം പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

