പഞ്ചരത്നങ്ങളിൽ മൂന്നുപേർ വിവാഹിതരായി
text_fieldsപഞ്ചരത്നങ്ങളിൽ മൂന്നുപേരുടെ വിവാഹം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നപ്പോൾ
ഗുരുവായൂർ: ഒറ്റപ്രസവത്തിൽ ജനിച്ച പഞ്ചരത്നങ്ങളിൽ മൂന്നുപേർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് വഴക്കാട് പ്രേംകുമാര്‍-രമാദേവി ദമ്പതികളുടെ മക്കളായ ഉത്രയും ഉത്തരയും ഉത്തമയുമാണ് കണ്ണന് മുന്നിൽ വിവാഹിതരായത്.
വരന് കുവൈത്തില്‍നിന്ന് എത്താന്‍ കഴിയാത്തതിനാല്‍ ഉത്രജയുടെ വിവാഹം നടത്താനായില്ല. പഞ്ചരത്ന സംഘത്തിലെ ആൺതരിയായ ഉത്രജനാണ് സഹോദരിമാരെ വരന്മാർക്ക് കൈപിടിച്ചേൽപിച്ചത്. അമ്മ രമാദേവിയും ഒപ്പമുണ്ടായിരുന്നു. ഫാഷന്‍ ഡിസൈനറായ ഉത്രക്ക് മസ്കത്തില് ഹോട്ടല്‍ മാനേജറായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറാണ് താലി ചാര്‍ത്തിയത്.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരക്ക് കോഴിക്കോട് സ്വദേശി ചാനല്‍ കാമറമാന്‍ കെ.ബി. മഹേഷ്കുമാർ മിന്നണിയിച്ചു. അമൃത മെഡിക്കൽ കോളജിൽ അനസ്തേഷ്യ ടെക്നീഷ്യന് ആയ ഉത്തമക്ക് മസ്കത്തില് അക്കൗണ്ടൻറായ വട്ടിയൂര്‍ക്കാവ് സ്വദേശി ജി. വിനീത് താലിചാർത്തി.
ഗുരുവായൂരപ്പന് മുന്നിലാകണം വിവാഹം എന്നത് രമാദേവിയുടെ ആഗ്രഹമായിരുന്നു. ഏപ്രിൽ 26ന് നടത്തേണ്ട വിവാഹം കോവിഡിനെ തുടര്‍ന്ന് മാറ്റിയതായിരുന്നു.